വിദ്യാര്‍ഥികളുമായി സംവദിച്ച് ഗോപിനാഥ് മുതുകാട്; പ്രതീക്ഷകള്‍ കൈവിടാതെ മുന്നേറാന്‍ നിര്‍ദേശം
1582251
Friday, August 8, 2025 5:24 AM IST
കോഴിക്കോട്: കോളജ് വിദ്യാര്‍ഥികളുമായി സംവദിച്ച് പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാട്.കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്കി. ജീവിത വിജയത്തിനുള്ള നിര്‍ദേശങ്ങള്‍ പങ്കുവച്ചു. മാജിക് പ്ലാനറ്റും ഡിഫെറന്റ് ആര്‍ട്ട് സെന്ററും ചേര്‍ന്ന് ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘മൈ പേരന്റ്സ് മൈ ഹീറോസ് ' എന്ന സ്നേഹ സംവാദ പരിപാടിയായിരുന്നു വേദി.
ജീവിതത്തില്‍ പ്രതീക്ഷകള്‍ കൈവിടാതെ മുന്നേറണമെന്ന് തന്റെ ജീവിതത്തിലെ വിജയങ്ങളും പരാജയങ്ങളും കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തുകൊണ്ട് മുതുകാട് പറഞ്ഞു.ഉറച്ച തീരുമാനങ്ങളാണ് ജീവിത വിജയത്തിനു േവണ്ടതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മപ്പെടുത്തി.
ജീവിതത്തില്‍ പലതവണ പരാജയപ്പെട്ടതിന്റെ കയ്പുനീര് രുചിച്ചിട്ടുണ്ടെന്നു പറഞ്ഞ മുതുകാട് സ്ഥിരോല്‍സാഹത്തോടെ മുന്നേറാന്‍ കുട്ടികളോടു ഉപദേശിച്ചു. ജീവിതത്തില്‍ പല തവണ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, ഓരേ പരാജയത്തെയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റി .പരാജയങ്ങള്‍ക്കുശേഷം ഒരിക്കലും തളരരുത്- അദ്ദേഹം പറഞ്ഞു.
‘എന്റെ അച്ചന് എന്റെ ഹീറോ’ എന്ന വിഷയത്തില്‍ മാജിക് പ്ലാനറ്റ് സംഘടിപ്പിച്ച ലേഖനമത്സരത്തില്‍ വിജയികളായ ആദ്യ പത്തുപേര്‍ക്ക് ചടങ്ങില്‍ ഗോപിനാഥ് മുതുകാട് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും വിതരണം ചെയ്തു. പ്രജീഷ് പ്രേം സംവിധാനം ചെയ്ത ഗോപിനാഥ് മുതുകാടിന്റെ 45 വര്‍ഷത്തെ മാജിക് ജീവിതത്തിന്റെ ഡോക്യുമെന്ററി ദി റിയല്‍ ലൈഫ് മജിഷ്യന്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി പ്രഫണല്‍ ജാലവിദ്യാ രംഗത്ത് നിന്ന് വിട്ട് ഭിന്നശേഷി വിഭാഗത്തിനായി വഴിമാറി പ്രവര്‍ത്തിച്ചു വരികയാണ് മുതുകാട്. തന്റെ ഓദ്യോഗിക വിരമിക്കലിന്റെ ഭാഗമായി ശനിയാഴ്ച പ്രോവിഡന്‍സ് കോളജില്‍ തന്റെ പിതാവിന് സമര്‍പ്പണമായി ഒരുക്കുന്ന ഇല്യൂഷന്‍ ടു ഇന്സ്പിരേഷന് എന്ന ജാലവിദ്യയുടെ ഭാഗമായാണ് ദേവഗിരിയില്‍ പരിപാടി സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. അനീഷ് കുര്യന്,മാജിക് പ്ലാനറ്റ് മാനേജര്‍ സി.കെ സുനില്‍ രാജ്,ഓയ്സ്ക ഇന്റര്‍നാഷണല്‍ സൗത്ത് ഇന്ത്യന്‍ സെക്രട്ടറി ജനറല്‍ എം.അരവിന്ദ് ബാബു, പ്രജീഷ് പ്രേം, പ്രഫ. ഫിലിപ്പ്.കെ.ആന്റണി എന്നിവര്‍ സംസാരിച്ചു. പ്രജീഷ് പ്രേം വിശിഷ്ഠാതിഥിയായി പങ്കെടുത്തു.