വ്യത്യസ്തമായി വിദ്യാർഥികളുടെ ഭക്ഷ്യമേള
1582269
Friday, August 8, 2025 6:01 AM IST
മുക്കം: ഒരു കാലത്ത് നാട്ടിൽ പുറങ്ങളിൽ സർവസാധാരണമായിരുന്ന പനംകഞ്ഞി, ചേമ്പ് താള് കറി, കപ്പ വിഭവങ്ങൾ, വാഴതോരൻ, കിഴങ്ങു വർഗ വിഭവങ്ങൾ, ചക്ക വിഭവങ്ങൾ തുടങ്ങി പഴംപൊരിയും ഉണ്ണിയപ്പവുമെല്ലാം യുപി വിദ്യാർഥികളുടെ നേതൃത്വത്തിൽ തയാറാക്കി പ്രദർശിപ്പിച്ചത് വേറിട്ട അനുഭവമായി മാറി.
മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ഓർഫനേജ് യുപി സ്കൂളിലെ വിദ്യാർഥികളാണ് അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ "ഭക്ഷണവും മനുഷ്യരും' എന്ന അദ്ധ്യായത്തെ ആസ്പദമാക്കി മേള ഒരുക്കിയത്. രുചിത്തോണി എന്ന പേരിൽ നടന്ന മേള എംഎംഒ ട്രഷറർ വി. മോയി ഹാജി പുൽത്തേടത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം. ഷബീന ആധ്യക്ഷത വഹിച്ചു.
ഗായകനും അഭിനേതാവും പാചക വിദഗ്ധനുമായ കെ.വി.എ. ജബ്ബാർ മുഖ്യാതിഥിയായിരുന്നു. തൽസമയ കപ്പബിരിയാണിയും വെജ് ആൻഡ് ഫ്രൂട്ട് മിക്സ്ഡ് സാലഡും ഒരുക്കി വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട പാട്ടുകളും പാടി. വിദ്യാർഥികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയാറാക്കി കൊണ്ട് വന്ന നാടൻ വിഭവങ്ങളായ പന വിഭവങ്ങൾ തുടങ്ങി അൻപതിൽപരം വിഭവങ്ങൾ ഉണ്ടായിരുന്നു.
മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, സീനിയർ പത്ര പ്രവർത്തകൻ ഉണ്ണിച്ചേക്കു, ബി.പി ഹുസൻ, പിടിഎ പ്രസിഡന്റ് സി.എ. സാജുദ്ധീൻ, എംപിടിഎ എക്സിക്യൂട്ടീവ് അംഗം സൽമാബി തുടങ്ങിയവർ പ്രസംഗിച്ചു,