രാജ്യാന്തര ചലച്ചിത്രോത്സവം: നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും
1581995
Thursday, August 7, 2025 5:31 AM IST
കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി ശ്രീ, കോര്‍ണേഷന്‍ തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും. ഡെലിഗേറ്റ് കിറ്റ് വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൈരളി തിയറ്റര്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. നടനും ദേശീയ അവാര്‍ഡ് ജേതാവുമായ മുഹമ്മദ് മുസ്തഫ, ആര്.എസ്. പണിക്കര്‍, അപ്പുണ്ണി ശശി, കെടിഐഎല്‍ ചെയര്മാന് എസ്.കെ. സജീഷ്, ചലച്ചിത്രോത്സവ സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "കാലം മായാചിത്രങ്ങള്‍ എം.ടി യുടെ ചലച്ചിത്ര ജീവിതം' എക്സിബിഷന് ഉദ്ഘാടനവും ഇന്ന് നടക്കും. വൈകിട്ട് 4.30 ന് കൈരളി തിയ്യേറ്റര്‍ അങ്കണത്ത് നടക്കുന്ന എക്സിബിഷന് കലാമണ്ഡലം സരസ്വതി, നര്‍ത്തകി അശ്വതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. നിരൂപകന് ഡോ എം.എം. ബഷീര്‍, നടി കുട്ട്യേട്ടത്തി വിലാസിനി, ഷെര്‍ഗ സന്ദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.
2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന മേഖല ചലച്ചിത്രോത്സവത്തില്‍ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫിന്റെ സീഡ് ഓഫ് എ സേക്രഡ് ഫിഗാണ് ഉദ്ഘാടന ചിത്രം. 2024 ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ദിവസവും അഞ്ച് പ്രദര്ശനങ്ങളുണ്ടാവും. ലോക സിനിമാ വിഭാഗത്തില്‍ 14, ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴ്, മലയാളം സിനിമാ വിഭാഗത്തില്‍ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 14 ചിത്രങ്ങള്‍ എന്നിവ കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തില്‍ മലയാളം, ആസാമീസ് ഭാഷകളില്‍ നിന്ന് ഓരോന്നു വീതം, ഫീമെയില്‍ ഗെയ്സ് വിഭാഗത്തില്‍ മൂന്ന് ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് വിഭാഗത്തില്‍ അഞ്ച് എന്നിങ്ങനെയാണ് സിനിമകളുടെ തെരഞ്ഞെടുപ്പ്. ഇവ കൂടാതെ അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുര്‍ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിക്കും.
മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം നടക്കും. രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്കാണ് തിയറ്ററില്‍ പ്രവേശിക്കാനാവുക. ഐഎഫ്എഫ്കെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലിങ്ക് വഴിയും കൈരളിയില്‍ ഒരുക്കിയ ഡെലിഗേറ്റ് സെല്ല് വഴിയുമാണ് ഡെലിഗേറ്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്.