കൂരാച്ചുണ്ടിലെ അങ്കണവാടി നാല് വർഷമായി വാടക കെട്ടിടത്തിൽ
1582486
Saturday, August 9, 2025 5:21 AM IST
അവഗണനയിൽ കുടുങ്ങി കെട്ടിട നിർമാണം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അറുപതാം നമ്പർ അങ്കണവാടിയുടെ കെട്ടിട നിർമാണം വൈകുന്നു.
ബലക്ഷയം മൂലം പൊളിച്ച് നീക്കിയ കെട്ടിടം പുനർനിർമാണം നടത്താൻ അധികാരികൾ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇതിനെ തുടർന്ന് നാലു വർഷമായി അങ്കണവാടി പ്രവർത്തിച്ചുവരുന്നത് അത്യോടിയിലെ മദ്രസ കെട്ടിടത്തിലാണ്. പ്രതിമാസം 2000 രൂപ വാടക നൽകിയാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ഇരുപത്തഞ്ചോളം കുരുന്നുകളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത്.
ദേശീയ- സംസ്ഥാന അവാർഡുകൾ ഈ അങ്കണവാടിക്ക് ലഭിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചുനീക്കി വർഷങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്ത് ഭരണ സമിതിയും ബന്ധപ്പെട്ട അധികാരികളും ഇക്കാര്യത്തിൽ അവഗണന കാട്ടുകയാണ്.
അങ്കണവാടിയിലേക്ക് യാത്രാ യോഗ്യമായ റോഡില്ലെന്നതും ആളുകളെ പ്രയാസത്തിലാക്കുന്നുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലെ പല അങ്കണവാടികളും സ്മാർട്ടാകുമ്പോൾ നിരവധി പുരസ്കാരങ്ങൾ നേടിയ അങ്കണവാടി അവഗണിക്കപ്പെടുകയാണ്. പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്നാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
എത്രയും വേഗം കെട്ടിട നിർമാണം നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, വിനു മ്ലാക്കുഴി എന്നിവർ പ്രസംഗിച്ചു.