എടവണ്ണ - കൊയിലാണ്ടി പാതയിൽ അപകടങ്ങൾ പതിവ്
1583022
Monday, August 11, 2025 5:24 AM IST
മുക്കം :കിലോമീറ്ററിന് നാല് കോടിയിലധികം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയഎടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അപകടങ്ങളും റോഡ് നവീകരണത്തിലെ അപാകതകളും അനുദിനം വർധിക്കുന്നു. ഈ മാസം ഇതു വരെ മാത്രം പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ഓമശേരിക്കും അരീക്കോടിനുമിടയിലാണ് പ്രധാനമായും അപകടങ്ങൾ നടക്കുന്നത്.
മുക്കത്തിനടുത് വലിയ പറമ്പിൽ ശനിയാഴ്ച രാത്രി 11.30 ഓടെയുണ്ടായ അപകടമാണ് ഏറ്റവും അവസാനത്തേത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു മറിഞ്ഞാണ് അപകടം.
കാർ രണ്ടുമൂന്നു തവണ തല കീഴായി മറിഞ്ഞതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അരീക്കോട് കാരിപറമ്പ് സ്വദേശികളുടെതാണ് കാർ. കാറിലുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവർ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സ തേടി. റോഡിലെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമാവുന്നതെന്നാണ് പരാതി.
അതിനിടെ റോഡ് നവീകരണം പൂർത്തിയായ അന്ന് മുതലുള്ള അപാകതകൾക്കും ഇനിയും പരിഹാരമായിട്ടില്ല. ഒരു വർഷത്തിനുള്ളിൽ തന്നെ റോഡ് പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളിൽ റോഡ് താഴ്ന്ന് പോയിട്ടുമുണ്ട്.