കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് സൗകര്യമൊരുങ്ങുന്നു
1582631
Sunday, August 10, 2025 5:30 AM IST
പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചു
സുധീർ കൊയിലാണ്ടി
കൊയിലാണ്ടി: യാത്രക്കാർക്കായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പുതിയ വാഹന പാർക്കിംഗ് സൗകര്യമൊരുങ്ങുന്നു. സ്റ്റേഷന്റെ കിഴക്ക് ഭാഗത്താണ് ഏകദേശം രണ്ടായിരത്തിലധികം സ്ക്വയർ ഫീറ്റ് സൗകര്യത്തിൽ വിശാലമായ പാർക്കിംഗ് ഏരിയ സജ്ജമാക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ നിർദ്ദിഷ്ട സ്ഥലത്തുള്ള പാഴ്മരങ്ങളും മറ്റും നീക്കം ചെയ്തു തുടങ്ങി. ഈ മാസം തന്നെ പ്രവൃത്തി പൂർത്തീകരിച്ച് പാർക്കിംഗ് ആരംഭിക്കാനാണ് നീക്കം.
ഉള്ള്യേരി, ബാലുശേരി തുടങ്ങി സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്ന് എത്തുന്ന റെയിൽവേ യാത്രക്കാർക്ക് നിലവിൽ വാഹന പാർക്കിംഗ് സൗകര്യമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് മുത്താമ്പി റോഡിന്റെ ഇരുവശങ്ങളിലുമാണ്.
ഇതു കാരണം കാൽനടയാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ദേശീയപാത തകർന്നതോടെ ബസുകൾ ബൈപാസിലൂടെ സർവീസ് നടത്തുന്നതിനാൽ വലിയ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.
പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന വാഹനയാത്രക്കാർക്ക് നിലവിൽ സ്റ്റേഷന് സമീപത്തായി പെയ്ഡ് പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും പലരും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സമീപ വീട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. ഇവിടെ നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നതും പതിവായിരുന്നു. പാർക്കിംഗ് വിപുലമാക്കുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനകരമാവും.