വനം മന്ത്രി രാജിവയ്ക്കണം: കോൺഗ്രസ്
1583025
Monday, August 11, 2025 5:24 AM IST
കോടഞ്ചേരി: തുഷാരഗിരിയിൽ പരിപാടിയിൽ പങ്കടെുക്കാനെത്തിയ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ പ്രതിഷേധിച്ച കർഷക കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് നേതാക്കളായ സാബു അവണ്ണൂർ, ടോമി ഇല്ലിമൂട്ടിൽ, ബേബി കളപ്പുര, ബിജു ഓത്തിക്കൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വനവും കൃഷിഭൂമിയും വേർതിരിക്കാൻ സൗരോർജ വേലി അടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ച മന്ത്രിയും തിരുവമ്പാടി എംഎൽഎയും പദ്ധതി അട്ടിമറിക്കുകയാണ്. കർഷക വിരുദ്ധരായ മന്ത്രിയും എംഎൽഎയും രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, നിയോജക മണ്ഡലം പ്രസിഡന്റ് തമ്പി പറകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.