‘വടകര ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷാലിറ്റി തസ്തിക പരിഗണനയില്‍’
1583312
Tuesday, August 12, 2025 7:00 AM IST
വടകര: ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് സൂപ്പര്‍ സ്പെഷാലിറ്റി തസ്തിക പരിഗണനയിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
വടകര ജില്ലാ ആശുപത്രിയില്‍ എന്‍എച്ച്എം ആര്‍ഒപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഓപറേഷന് തിയേറ്റര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷാലിറ്റി തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടന്നതായും മന്ത്രിസഭ തീരുമാനം വരുമെന്നും മന്ത്രി പറഞ്ഞു.
മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാനവും കേരളമാണ്. പ്ലാന്‍ ഫണ്ടിന് പുറമെ കിഫ്ബിയുടെ 10,000 കോടി രൂപ ആശുപത്രി വികസനത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.കെ. രാജാറാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2.67 കോടി രൂപ ചെലവിട്ടാണ് ഓപറേഷന് തിയേറ്റര്‍ കോംപ്ലക്സ് നിര്‍മിച്ചത്. ഏറ്റവും ആധുനിക രീതിയിലുള്ള ഓപറേഷന് കോംപ്ലക്സില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മോഡുലാര്‍ ഓപറേഷന് തിയേറ്റര്‍, ഒരു ജനറല്‍ ഓപറേഷന് തിയേറ്റര്‍, ഒരു മൈനര്‍ ഓപറേഷന് തിയേറ്റര്‍ തുടങ്ങിയവയും 25 കിടക്കകളുള്ള ഒരു വാര്‍ഡുമാണ് സജ്ജമാക്കിയത്.