ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും: എ.കെ. ശശീന്ദ്രൻ
1583029
Monday, August 11, 2025 5:24 AM IST
കോടഞ്ചേരി: മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
സംസ്ഥാന വനവികസന ഏജൻസിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച ‘സ്നേഹഹസ്തം’ മെഗാ മെഡിക്കൽ ക്യാമ്പ് തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനമേഖലയുമായി ചേർന്നുനിൽക്കുന്ന ഉന്നതികളിൽ താമസിക്കുന്നവർക്ക് ചികിത്സാ കേന്ദ്രങ്ങളിൽ എത്താനുള്ള പ്രയാസം കുറക്കാനാണ് വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി സ്നേഹഹസ്തം നടപ്പിലാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സമാനമായ 551 മെഡിക്കൽ ക്യാമ്പുകൾ ഉന്നതികളിൽ നടത്തിയിട്ടുണ്ടെന്നും 1000 ക്യാമ്പുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ മലയോര മേഖലയിലുള്ള വിവിധ ഉന്നതികളിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാരായ കുടുംബങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനങ്ങളാണ് ക്യാമ്പിൽ ലഭ്യമാക്കിയത്.
ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു. സ്നേഹഹസ്തം കൺവീനർ ഡോ. ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർമാരായ സിസിലി ജേക്കബ്, റോസ്ലി മാത്യു, സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻകുമാർ, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, ഐഎംഎ ദേശീയ ചെയർമാൻ ഡോ. എം.എസ്. അഷ്റഫ്, ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട് പ്രോഗ്രാം മാനേജർ സി.കെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.