ഓണ്‍ലൈന്‍ മദ്യവിപണനം നാടിന് ആപത്ത്: കെസിബിസി ലഹരിവിരുദ്ധ സമിതി
1583303
Tuesday, August 12, 2025 7:00 AM IST
തിരുവമ്പാടി: ജനങ്ങളുടെ സമാധാന ജീവിതത്തെയും സംസ്കാരത്തെയും തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ മദ്യവില്പന അടക്കമുള്ള നയങ്ങളെന്ന് കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി താമരശേരി രൂപതാ കമ്മിറ്റി ചൂണ്ടിക്കാട്ടി. എങ്ങനെയും പണമുണ്ടാക്കാനുള്ള ആര്‍ത്തിയാണ് ഓണ്‍ലൈന്‍ മദ്യവിതരണം പോലെയുള്ള വിനാശകരമായ പദ്ധതികള്‍ക്ക് രൂപം നല്കാന് പ്രേരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയം തിരുത്താന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി സമിതി രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പു നല്കി.
താമരശേരി രൂപതാ മദ്യലഹരി വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജിന്റോ മച്ചുകുഴി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യന് ചെമ്പനാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളില്‍, സംസ്ഥാന സെക്രട്ടറി റോയി മുരിക്കോലില്‍, ടി.ടി. തോമസ്, വി.ജെ.മത്തായി, ഏബ്രഹം മണലോടി, കെ.സി. ജോസഫ്, ജോസ് കാവില്‍ പുരയിടം, എന്‍.വി. ഏബ്രാഹം, സിസ്റ്റര്‍ ഗീത സിഎംസി, കെ.സി. ടോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.