ശലഭോദ്യാനം, നക്ഷത്രവനം പദ്ധതികള്‍ വ്യാപിപ്പിക്കും: മന്ത്രി
1583308
Tuesday, August 12, 2025 7:00 AM IST
കോഴിക്കോട്: സാമൂഹിക വനവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശം നല്കി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഉത്തരമേഖലാ സര്‍ക്കിള്‍തല അവലോകന യോഗത്തിലാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.
വനസംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനായി നഗര കേന്ദ്രങ്ങളിലെ ലഭ്യമായ ഇടങ്ങളില്‍ മിനിയേച്ചര്‍ വനങ്ങള്‍ ഒരുക്കാനും നിലവില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന വിദ്യാവനം, ശലഭോദ്യാനം, നക്ഷത്രവനം പദ്ധതികള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
വനം വകുപ്പ് ആവിഷ്കരിച്ച ബോധവത്കരണ പരിപാടിയായ സര്‍പ്പ പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള് വലിയ തോതില്‍ കുറഞ്ഞുവരുന്നതായി യോഗം വിലയിരുത്തി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം നടത്തുന്ന കോളജുകള്‍ക്ക് ജില്ലാ തലത്തില്‍ അവാര്‍ഡ് നല്‍കും. കണ്ണൂര്‍ ജില്ലയില്‍ കണ്ടല്‍ ശില്പശാല നടത്താന്‍ ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശം നല്കി.
എല്ലാ ജില്ലകളിലും ഫോറസ്ട്രി ക്ലബുകളുടെ ശില്പശാല നടത്തും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന് വിദ്യാര്‍ഥികളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിക്കും. യോഗത്തില്‍ സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.