പതങ്കയത്ത് സുരക്ഷ ഒരുക്കണമെന്ന്
1583028
Monday, August 11, 2025 5:24 AM IST
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് അപകട മരണങ്ങൾ തടയാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് മരിച്ച അലൻ അഷ്റഫ് അടക്കം ഏതാനും വർഷത്തിനുള്ളിൽ 28 യുവാക്കളുടെ ജീവനാണ് പതങ്കയത്തു പൊലിഞ്ഞത്.
തുടരെ അപകട മരണങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു സുരക്ഷാ നടപടി ഇല്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.നാട്ടുകാരെ ഉൾപ്പെടുത്തി സുരക്ഷാ ഗാർഡുകളെ നിയമിച്ച് സഞ്ചാരികളെ നിയന്ത്രിക്കുന്നതിനു പ്രാദേശിക സമിതി രൂപീകരിച്ചിരുന്നെങ്കലും ഫലപ്രദമായില്ല. പതങ്കയത്തേയ്ക്കുള്ള പ്രവേശനം തടഞ്ഞുള്ള ബോർഡുകളും ബാനറുകളും സ്ഥാപിച്ചതല്ലാതെ മുന്നറിയിപ്പ് ലംഘിച്ച് പുഴയിൽ ഇറങ്ങുന്നവരെ കർശനമായി തടയാൻ നടപടികളില്ല.
പതങ്കയത്തിന്റെ സുരക്ഷാ ചുമതലയും നിയന്ത്രണവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പരിധിയിലേക്ക് കൊണ്ടു വരണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.