ഹൈസ്കൂൾ - സിഎച്ച്സി റോഡിലെ അപകടമേഖലയിൽ സംരക്ഷണവേലി വേണമെന്ന്
1583024
Monday, August 11, 2025 5:24 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാർഡിലുൾപ്പെട്ട ഹൈസ്കൂൾ - സിഎച്ച്സി റോഡിന്റെ അപകട സാധ്യതയുള്ള ഭാഗത്ത് സംരക്ഷണവേലി നിർമിക്കാത്തതിനെതിരേ ആക്ഷേപം.
ഹൈസ്കൂൾ മൈതാനത്തോട് ചേർന്ന് കിടക്കുന്ന കോൺക്രീറ്റിൽ നിർമിച്ച റോഡിന്റെ ഏകദേശം അൻപത് മീറ്റർ ദൂരത്തിലുള്ള ഭാഗത്താണ് ഒരുഭാഗം അപകട സാധ്യതയുള്ള വിധം താഴ്ചയുള്ള നിലയിലുള്ളത്. ഈ ഭാഗത്ത് സംരക്ഷണവേലി നിർമിച്ചിട്ടില്ല. ഓട്ടോറിക്ഷ അടക്കമുള്ള നിരവധി വാഹനങ്ങൾ ഓടുന്ന റോഡാണിത്.
മാത്രമല്ല വിദ്യാർഥികളും മറ്റ് ആൾക്കാരും യാത്രചെയ്യുന്ന റോഡുമാണ്. ഇതിനു സമീപം പ്രവർത്തിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഈ മേഖലയിലുള്ളവർ പോകുന്നതും ഇതുവഴിയാണ്.
റോഡിന്റെ താഴ്ചയുള്ള ഭാഗത്തു കൂടി രണ്ടു വാഹനങ്ങൾ കടന്നുപോകുന്ന സാഹചര്യങ്ങളിൽ അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്.
വാർഡ് തല ഗ്രാമസഭയിലും ഈ വിഷയം നിരവധി തവണ നാട്ടുകാർ ചർച്ച ചെയ്തെങ്കിലും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ അപകട സാധ്യത പരിഗണിച്ച് സംരക്ഷണവേലി നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.