മാനവം പത്താം വാര്‍ഷികം; എം.എന്‍. കാരശേരിയെ ആദരിക്കും
1583302
Tuesday, August 12, 2025 7:00 AM IST
മുക്കം: മുക്കത്തെ സാംസ്കാരിക സംഘടനയായ "മാനവം' പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുക്കത്തെയും സമീപപ്രദേശങ്ങളെയും വളര്‍ത്തിയ സാമൂഹിക പ്രവര്‍ത്തകരെയും സാംസ്കാരിക നായകരെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, നാടിന്റെ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്ന ആധികാരിക ചരിത്ര ഗ്രന്ഥം, കാലികപ്രസക്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍, നാട് നേരിടുന്ന വിഷയങ്ങള്‍ പ്രമേയമാക്കുന്ന നാടക, ചിത്രീകരണ, കലാരൂപങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയാണ് അണിയറിയില്‍ ഒരുങ്ങുന്നത്.
ഇതിന്റെ തുടക്കമായി പത്രപ്രവര്ത്തകന്, ചലച്ചിത്രകാരന്, അധ്യാപകന്, ഗവേഷകന്, സാമൂഹിക വിമര്ശകന്, ഗ്രന്ഥകാരന്, പ്രഭാഷകന്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തി മുദ്രചാര്‍ത്തിയ, എഴുത്ത് ജീവിതത്തിന്റെ ഷഷ്ഠിപൂര്‍ത്തി പിന്നിടുന്ന ഡോ. എം.എന്‍. കാരശേരിയെ ആദരിക്കും. നാളെ വൈകുന്നേരം നാലിന് കാരശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.
പ്രതിഭ ജോയ് മാത്യു, ഹമീദ് ചേന്ദമംഗല്ലൂര്‍, കാനേഷ് പൂനൂർ, യു.കെ. കുമാരന്, കാഞ്ചനമാല, മുക്കം മുനിസിപ്പാലിറ്റി ചെയര്മാന് പി.ടി. ബാബു, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മാനവം ചെയര്മാന് ജി. അബ്ദുല്‍ അക്ബര്‍, കണ്‍വീനര്‍ സുബൈര്‍ , ട്രഷറര്‍ എന്‍.അഹമ്മദ് കുട്ടി, മീഡിയ കണ്‍വീനര്‍ മലിക് നാലകത്ത്, വൈസ് ചെയര്മാന് എന്‍. അബ്ദുസത്താര്‍, കോ ഓര്‍ഡിനേറ്റര്‍ കെ. പുരുഷോത്തമന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.