ആശങ്ക ഒഴിയാതെ ചെടിക്കുളം കൊട്ടാരത്തിലെ കുടുംബങ്ങൾ; ലഭിച്ചത് ഉപാധി പട്ടയം
1374034
Tuesday, November 28, 2023 1:14 AM IST
ഇരിട്ടി: റവന്യൂ മന്ത്രിയുടെ വാക്ക് വെറും വാക്കായി. ആറളം ചെടിക്കുളം കൊട്ടാരത്തിലെ കുടുംബങ്ങൾക്ക് മന്ത്രി വാഗ്ദാനം നൽകിയത് ഉപാധിരഹിത പട്ടയമാണെങ്കിൽ കൈയിൽ കിട്ടിയത് ഉപാധി പട്ടയം. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വിലകൊടുത്ത് വാങ്ങിയ ഭൂമിക്ക് ലഭിച്ച പട്ടയം കണ്ട് ഞെട്ടിയിരിക്കുകയാണ് 33 കുടുംബങ്ങൾ. കുടുംബങ്ങൾക്കെല്ലാം ഉപാധിരഹിത പട്ടയമാണ് നൽകുകയെന്നാണ് റവന്യു മന്ത്രി എടൂരിൽ നടന്ന പട്ടയമേളയിൽ പ്രഖ്യാപിച്ചത്.
ഇതോടെ സ്വന്തം ഭൂമി മിച്ചഭൂമിയായി കണക്കാക്കി പതിച്ചുനൽകിയ നടപടിയിൽ ഫോട്ടോ പതിപ്പിച്ച പട്ടയം കൈപ്പറ്റാതെ പ്രതിഷേധിക്കുകയാണ് പ്രദേശത്തെ കുടുംബങ്ങൾ. വർഷങ്ങളായി നിലനിൽ ക്കുന്ന നിയമപോരാട്ടങ്ങൾക്ക് ശേഷം സ്വന്തം ഭൂമിയുടെ അവകാശികളായി മാറുന്നതിൽ ഏറെ സന്തോഷിച്ചിരുന്നവർ റവന്യൂവകുപ്പിന്റെ നടപടിയിൽ വീണ്ടും വഴിയാധാരമാകുകയാണ്. മിച്ചഭൂമിയാണെന്നറിയാതെ വർഷങ്ങൾക്ക് മുമ്പ് പണം കൊടുത്ത് വാങ്ങി വഞ്ചിതരായ കുടുംബങ്ങൾക്ക് ഇപ്പോൾ സർക്കാരിൽനിന്ന് ലഭിച്ചിരിക്കുന്നതാകട്ടെ കയ്പേറിയ അനുഭവവും.
രണ്ടുമാസം മുന്പ് നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജനാണ് ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് ഉപാധിരഹിത പട്ടയം എന്ന പ്രഖ്യാപനവുമായി പട്ടയം അനുവദിച്ചുകൊണ്ടുള്ള രേഖ കൈമാറിയത്. കൈവശം കിട്ടിയ രേഖ പരിശോധിച്ചപ്പോഴാണ് ലക്ഷംവീട് പട്ടയത്തിന് സമാനമായ ഉപാധികളോടെയുള്ള പട്ടയമാണ് തങ്ങൾക്ക് ലഭിച്ചതെന്ന കാര്യം ഇവർ മനസിലാക്കുന്നത്. ഇതോടെ ഫോട്ടോ പതിച്ച ഒറിജിനൽ പട്ടയം സ്വീകരിക്കേണ്ട എന്ന നിലപാടിലാണ് കുടുംബങ്ങൾ.
ഇതിനെതിരേ ചെടിക്കുളം കൊട്ടാരത്ത് ഭൂവുടമകൾ പ്രതിഷേധ യോഗം ചേർന്ന് നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. വ്യവസ്ഥകളോടെ കിട്ടിയ പട്ടയം 20 വർഷത്തേക്ക് കൈമാറ്റം ചെയ്യാനോ അനന്തരാവകാശികൾക്ക് ഭാഗിച്ചു നൽകാനോ വായ്പ എടുക്കാനോ സാധ്യമല്ല. വർഷങ്ങൾക്കു മുന്പ് പണം കൊടുത്ത് വാങ്ങിയ ഭൂമി സർക്കാർ ഏറ്റെടുക്കുകയും പിന്നീടത് മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതർക്ക് പതിച്ച് നൽകുന്ന രീതിയിലാണ് ഇവർക്കും പട്ടയം നൽകിയിരിക്കുന്നത്.
പ്രതിഷേധ കൺവൻഷൻ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കർമസമിതി മുൻ കൺവീനർ ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗം ജെസി ഉമ്മിക്കുഴി എന്നിവർ പ്രസംഗിച്ചു.
പ്രദേശവാസികളുടെ ന്യായമായ ആവശ്യം അംഗീകരിച്ചു കിട്ടുന്നതിനായി സ്വീകരിക്കാവുന്ന എല്ലാ നിയമവഴികളും സ്വീകരിക്കുമെന്ന് സണ്ണി ജോസഫ് എംഎൽഎ ഉറപ്പുനൽകി. പ്രശ്നം പരിശോധിക്കുമെന്നും കുടുംബങ്ങൾക്ക് അർഹതപ്പെട്ട പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ പറഞ്ഞു.