വീടിനു നേരെ കാട്ടാനയുടെ ആക്രമണം; അഞ്ചുപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1428492
Tuesday, June 11, 2024 1:13 AM IST
ഇരിട്ടി: ആനമതിൽ നിർമാണം വൈകുന്നതിനിടെ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ പരാക്രമം രൂക്ഷം. തിങ്കളാഴ്ച പുലർച്ചെ ഒന്പതാം ബ്ലോക്കിലെ താമസക്കാരി കരിയാത്തൻ ശാന്തയുടെ വീടിന് നേരെയാണ് ഒടുവിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ പിൻഭാഗത്തെ ചാർത്തും ഷെഡും പൂർണമായും തകർന്നു. കൊച്ചു കുട്ടികളും മുതിർന്നവരുമടക്കം 15 പേരാണ് ശാന്തയുടെ വീട്ടിൽ കഴിയുന്നത്.
സൗകര്യക്കുറവ് കാരണം വീടിനോട് ചേർന്ന് ഷെഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. സംഭവ സമയത്ത് ഷെഡിനുള്ളിൽ അഞ്ചുപേർ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ടതോടെ ഷെഡിൽ കഴിയുന്നവർ ഓടി രക്ഷപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. ഓടി രക്ഷപെടുന്നതിനിടെ ഷെഡിലുണ്ടായിരുന്ന മിനിക്ക് വീണ് പരിക്കേറ്റു. ശാന്തയുടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പഴുത്ത ചക്കയുടെ മണം പിടിച്ചെത്തിയ വലിയ മോഴയാനയാണ് ആക്രമണം നടത്തിയത്.
ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തിയ ശേഷം മിനിയെ പേരാവൂർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
പുനരധിവാസ മേഖലയെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് 53 കോടി രൂപ ചെലവിൽ നിർമിക്കുന്ന 10.50 കിലോമീറ്റർ ആനമതിലിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതും ആനകളുടെ ആക്രമണം വർധിക്കുന്നതിന് കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുനരധിവാസ മേഖലയിൽ നിന്നും ആനകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും അവ തിരിച്ചുവന്ന് മേഖലയിൽ വീണ്ടും ഭീഷണി സൃഷ്ടിക്കുകയാണ്. ഇതിനകം14 മനുഷ്യജീവനുകളാണ് ആനകളുടെ ആക്രമണത്തിൽ പൊലിഞ്ഞത്. മൂന്ന് മാസത്തിനുള്ളിൽ ആന തകർക്കുന്ന മൂന്നാമത്തെ വീടാണ് ശാന്തയുടേത് .