അന്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരം രഹിത ബദൽപാത: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കാൻ തീരുമാനം
1459791
Tuesday, October 8, 2024 8:28 AM IST
കൊട്ടിയൂർ: കണ്ണൂർ, വയനാട് ജില്ലകളിലേക്കുള്ള സുഗമമായ യാത്രയ്ക്ക് അന്പായത്തോട്-തലപ്പുഴ 44ാം മൈൽ ചുരം രഹിത ബദൽപാത അനിവാര്യമെന്ന് സർവകക്ഷിയോഗം. കുടിയേറ്റ കാലത്തെക്കാളും പഴക്കമുള്ള ചുരം രഹിത പാതയുടെ ആവശ്യം ഒഴിച്ചുകൂടാനാകാത്തതായി മാറിയെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് സർക്കാരിൽ സമ്മർദം ചെലുത്തും. തുടർനടപടികൾക്കായി അഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ വിവിധ വകുപ്പ് മേധാവികളെ നേരിട്ടുകണ്ട് പാതയുടെ ആവശ്യകത ബോധ്യപ്പെടുത്താനും സർവകക്ഷി യോഗം തീരുമാനിച്ചു.
കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതകളിലൊന്നായ നെടുംപൊയിൽ-മാനന്തവാടി ചുരം പാത അപകടാവസ്ഥയിലാകുകയും മറ്റൊരു പാതയായ കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ചുരം രഹിത ബദൽപാതയുടെ പ്രസക്തി വർധിച്ചത്. ഇതേത്തുടർന്നാണ് കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചനാ യോഗവും സർവകക്ഷി യോഗവും വിളിച്ചുചേർത്തത്.
പ്രകൃതിക്ഷോഭത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത് കാരണമാണ് ഇത്തവണ വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് ബോയ്സ് ടൗൺ പാതവഴി എത്തിച്ചേരാൻ സാധിച്ചത്. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡായി ബോയ്സ് ടൗൺ റോഡിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സുരക്ഷ സംബന്ധിച്ച് സംശയമുണ്ട്. അതുകൊണ്ട് സ്ഥലത്തിന് യോജിച്ച എൻജിനിയറിംഗ് സാധ്യത തെരയുകയാണ് റോഡ് ഫണ്ട് ബോർഡ്. ഇതിന്റെ നിർമാണത്തിനൊപ്പം സമാന്തരമായി കൊട്ടിയൂർ-അമ്പായത്തോട് -തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാതകൂടി നിർമിക്കുന്നത് ഭാവിയിൽ ഉപകാരപ്രദമായിരിക്കുമെന്നാണ് കണ്ണൂരിലെയും വയനാട്ടിലേയും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ചുരം രഹിത പാതയ്ക്കു പ്രധാന തടസമായി നിൽക്കുന്നത് വനം വകുപ്പ് മാത്രമാണെന്നാണ് സർവകക്ഷി യോഗത്തിന്റെ വിലയിരുത്തൽ. ഇതിന് മുമ്പുള്ള വിവിധ കമ്മിറ്റികളുടെയും പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നീക്കത്തിനും എല്ലാം തടയിട്ടത് വനം വകുപ്പാണെന്നും യോഗം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ ശ്രീധരൻ, കെ.എം.സുനീന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ഷാജി പൊട്ടയിൽ, ജിജാ ജോസഫ് പാനികുളങ്ങര, ഉഷ അശോക് കുമാർ, പഞ്ചായത്ത് അംഗങ്ങൾ, വി. തങ്കപ്പൻ, രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാര വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.