റവന്യു നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാരന് ഉപകാരപ്പെടുന്നതിന് ഉപയോഗിക്കണം: മന്ത്രി രാജന്
1588572
Tuesday, September 2, 2025 1:29 AM IST
കാസര്‍ഗോഡ്: നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാരന് സഹായകമാകുന്ന വിധത്തില്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യണമെന്നും നിയമങ്ങളിലെ കുരുക്കുകള്‍ കാട്ടി അവരെ ബുദ്ധിമുട്ടിക്കരുതെന്നും റവന്യുമന്ത്രി കെ. രാജന്. കാസര്‍ഗോഡ് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടവും ജില്ലാതല പട്ടയമേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2026 ജനുവരിയോടെ കേരളത്തിലെ കുടിയാന്മാരുടെ പരാതികളും പ്രശ്നങ്ങളും പൂര്‍ണമായും തീര്‍ത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. യുണീക് തണ്ടപ്പേർ സംവിധാനം അവതരിപ്പിച്ചതോടെ വസ്തു വാങ്ങിക്കുന്ന ഉടമസ്ഥന്റെ ആധാറും തണ്ടപ്പേരും ലിങ്ക് ചെയ്യുകയാണ്. അതോടെ 15 ഏക്കറില്‍ അധികം ഭൂമി കൈവശമുള്ളവരെ എളുപ്പം കണ്ടെത്താന്‍ സാധിക്കും.
കേരളത്തിലെ പുഴ പുറമ്പോക്ക്, കടല്‍ പുറമ്പോക്ക് ഭൂമികളും നിയമവിധേയമായി പതിച്ച് നല്‍കും. കുഡ്ലു കടല്‍ പുറമ്പോക്ക്, ഹൊസ്ദുര്‍ഗ് താലൂക്കിലെ തുരുത്തി പുഴപ്പുറമ്പോക്ക് പ്രശ്ങ്ങള്‍ എന്നിവ ഇത്തരത്തില്‍ തീര്‍പ്പാക്കാനാകും. ജില്ലയിലെ 85 വില്ലേജുകളില്‍ 47 വില്ലേജുകള്‍ ഇതിനോടകം സമാര്‍ട്ടായി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 17ഉം രണ്ടാം ഘട്ടത്തില്‍ 18ഉം മൂന്നാം ഘട്ടത്തില്‍ 13ഉം വില്ലേജുകള്‍ സ്മാര്‍ട്ടായി. ഭൂമി ഉപയോഗിക്കുന്നവനെ നികുതി അടക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും നികുതി ഭൂമി ഉപയോഗിക്കാനുള്ള ഒരാളുടെ അവകാശത്തിന് കൊടുക്കുന്ന ടാക്സാണെന്നും നികുതി അടക്കാനുള്ള അവകാശം ടൈറ്റിലിന്റെ അവകാശമാണെന്ന് തെറ്റിദ്ധരിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ റവന്യൂ വകുപ്പിലെ വലിയ പ്രശ്നമായിരുന്നെന്നും എന്നാല്‍ സംസ്ഥാന തലത്തില്‍ നാല് സോണലുകളായി തിരിച്ച് സോണലുകള്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്കി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് നല്ലശതമാനം പ്രശ്നങ്ങളും പരിഹരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായ 180 പരാതികളില്‍ 104 പരാതികളും തീര്‍പ്പാക്കി കഴിഞ്ഞു.
1973 ല്‍ രജിസ്റ്റർ ചെയ്ത വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിലെ രേഖ ലഭ്യമല്ലാതിരുന്ന 152 കുടുംബങ്ങള്‍ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ അവസരമുണ്ടായത് എടുത്ത് പറയേണ്ട നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കേരളത്തിലെ എട്ടുലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി. കേരളത്തിലെ ആകെ ഭൂമിയുടെ നാലില്‍ ഒന്നില്‍ കൂടുതല്‍ വരും ഇതെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി വിശിഷ്ടാതിഥിയായി. എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ വിമല ശ്രീധരന്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എം.എ. കരീം, സി.പി. ബാബു, ഖാദര്‍ ബദരിയ, സജി സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹ്മാന് ബാങ്കോട്, എം. അനന്തന്നമ്പ്യാര്, അസീസ് കടപ്പുറം, ടി.പി. നന്ദകുമാര്‍, ദാമോദരന്‍ ബെള്ളിഗെ, വി.കെ. രമേശന്, സണ്ണി അരമന, കെ.എം. ഹസൈനാര്‍, ജോര്‍ജ് പൈനാപ്പിള്ളി, നാഷണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും കാസര്‍ഗോഡ് ആര്‍ഡിഒ ബിനു ജോസഫ് നന്ദിയു പറഞ്ഞു.
1128 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം, 309 എല്‍എ പട്ടയം, വെള്ളരിക്കുണ്ട് താലൂക്കില്‍ 60 വനഭൂമി പട്ടയം, ആറു ദേവസ്വം പട്ടയം എന്നിങ്ങനെ 1503 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എല്‍എ പട്ടയം ഇനത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ 81 പട്ടയങ്ങളും കാസര്‍ഗോഡ് താലൂക്കില്‍ 120 പട്ടയങ്ങളും ഹൊസ്ദുര്‍ഗ് താലൂക്കില്‍ 51 പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കില്‍ 57 പട്ടയങ്ങളുമാണ് അനുവദിച്ചത്.