ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ്: ജില്ലയ്ക്ക് 19 ലക്ഷം അനുവദിച്ചു
1589111
Thursday, September 4, 2025 1:50 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ മസ്തിഷ്ക സംബന്ധമായ രോഗങ്ങള്‍ക്കും പാര്‍ക്കിസണ്‍സ്, അപസ്മാരം, ഡിമെന്‍ഷ്യ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങള്‍ക്കും തുടര്‍ചികിത്സ നല്‍കുന്നതിനും മറ്റു തെറാപ്പികള്‍ നല്കുന്നതിനുമായി ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും. രാജ്യത്തെ 12 ആസ്പിരേഷണല്‍ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യം ലഭിക്കുന്നത്.
ആദ്യമായാണ് ഒരു ആസ്പിരേഷണല്‍ ബ്ലോക്കിന് ഈ സംവിധാനത്തിന്റെ സേവനം ലഭിക്കുന്നത്. ജില്ലയില്‍ ഒരു കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ 19 ലക്ഷം രൂപയാണ് നീതി ആയോഗ് അനുവദിച്ചത്.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് ജീവക്കാര്‍ക്കും, തെറാപ്പിസ്റ്റുകള്‍ക്കും പ്രൊജക്ടിന്റെ ഭാഗമായി പരിശീലനം നല്‍കും. തുടര്‍ന്ന് ഒപി തുറക്കുകയും ആവശ്യമുള്ള ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കുകയും ചെയ്യും.
നാഡീരോഗങ്ങളുമായി ബന്ധപ്പെട്ട് കഷ്ടതകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് തെറാപ്പിയിലൂടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സാധ്യത പ്രയോജനപ്പെടുത്തി കൂടുതല്‍ അളുകള്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആസ്പിരേഷണല്‍ ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ജില്ലാ കളക്ടറുടെ പ്രത്യേക താല്പര്യപ്രകാരം ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലയേയും ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.