വിലക്ക് നീങ്ങി; ഓണപ്പൂക്കളത്തിൽ അരളിപ്പൂക്കൾ തിരിച്ചെത്തുന്നു
1589112
Thursday, September 4, 2025 1:50 AM IST
കാഞ്ഞങ്ങാട്: പൂക്കളങ്ങളിലും പൂജാപുഷ്പങ്ങൾക്കിടയിലുമെല്ലാം പതിവുസാന്നിധ്യമായിരുന്ന അരളിപ്പൂക്കൾക്ക് ഇടക്കാലത്തുണ്ടായിരുന്ന അപ്രഖ്യാപിത വിലക്ക് നീങ്ങുന്നു. താരതമ്യേന എണ്ണത്തിൽ കുറവാണെങ്കിലും നഗരങ്ങളിലെയും ഗ്രാമാന്തരങ്ങളിലെയും പൂവില്പനകേന്ദ്രങ്ങളിൽ അരളിപ്പൂക്കൾ വീണ്ടുമെത്തി.
അരളിപ്പൂവ് കടിച്ചതുമൂലമാണെന്ന സംശയത്തിൽ ഒരു യുവതി വിഷബാധയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് സംസ്ഥാനത്ത് അരളിപ്പൂക്കൾക്ക് അപ്രഖ്യാപിത വിലക്ക് വന്നത്. അരളിപ്പൂവിന്റെയും ഇലയുടെയും നീരിൽ നേരിയ തോതിലാണെങ്കിലും വിഷാംശമുണ്ടെന്ന കാര്യം അംഗീകരിക്കപ്പെട്ടതാണ്. ഇതുമൂലം നിവേദ്യങ്ങളിൽ ഈ പൂവ് ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശം ഇപ്പോൾ മിക്കവാറും ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നുണ്ട്.
എന്നാൽ പൂക്കളങ്ങളിലും മറ്റും ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവ വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് സൂചന.