ഓണവിപണിയില്‍ അമിതവില ഈടാക്കുന്നത് തടയാന്‍ പരിശോധന നടത്തി
1589110
Thursday, September 4, 2025 1:50 AM IST
കാസര്‍ഗോഡ്: ഓണവിപണിയില്‍ അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എൻ. ബിന്ദുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഉളിയത്തടുക്ക ടൗണില്‍ പരിശോധന നടത്തി.പച്ചക്കറിക്കടകളും പലചരക്ക് കടകളും ബേക്കറികളും ഇറച്ചി കടകളും മായി 24 കടകളില്‍ പരിശോധന നടത്തി.
പച്ചക്കറികളില്‍ കോവക്ക, പയര്‍, തക്കാളി എന്നിവയ്ക്ക് വില വ്യത്യാസം കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. റേഷനിംഗ് ഇന്‍സ്പെക്ടറായ കൊറഗപ്പയും പരിശോധനയിൽ പങ്കെടുത്തു.
കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പള്ളിക്കര, ബേക്കല്‍, പാലക്കുന്ന് എന്നിവിടങ്ങളിലെ 30 കടകള്‍ പരിശോധിച്ചു. 14 ക്രമക്കേടുകള്‍ കണ്ടെത്തി.
ഹൊസ്ദുര്‍ഗ് ടിഎസ്ഒ മാധവന് പോറ്റി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എസ്.എ. അരുണ്‍, റവന്യു ഉദ്യോഗസ്ഥരായ ജെമി ജോസ്, മധു മഠത്തില്‍ എന്നിവരാണ് പരിശോധന നടത്തിയത്. പരപ്പ നഗരത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ 14 കടകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ക്രമക്കേടുകള്‍ കണ്ടെത്തി.
വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, വെള്ളരിക്കുണ്ട് ടിഎസ്ഒ അജിത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.