ഓണത്തിരക്കിലലിഞ്ഞ് നഗരം
1589375
Friday, September 5, 2025 1:58 AM IST
കാഞ്ഞങ്ങാട്: അത്തം കറുത്താൽ ഓണം വെളുക്കുമെന്ന പഴഞ്ചൊല്ല് കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഒഴുകിപ്പോയി. അത്തം നാൾ മുതൽ തുടർന്ന മഴ ഓണദിനങ്ങളിലും മാറിനിന്നില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ ശരിവച്ചുകൊണ്ട് ഇന്നലെ ജില്ലയിൽ മിക്കയിടങ്ങളിലും രാവിലെ കനത്ത മഴയായിരുന്നു.
ഉച്ചയോടെ അല്പനേരത്തേക്ക് മഴ വിട്ടുനിന്നു. ഉത്രാടപ്പാച്ചിലിനൊരുങ്ങിയ നാട്ടുകാരെയും ഈ വർഷത്തെ ഓണവ്യാപാരത്തിന്റെ കലാശക്കൊട്ടിനായി പ്രതീക്ഷയോടെ കാത്തിരുന്ന കച്ചവടക്കാരെയും പൂവില്പനക്കാരെയും കൊതിപ്പിച്ചുകൊണ്ട് ഓണനിലാവ് പോലൊരു വെയിൽ വന്നതോടെ നഗരം ഓണത്തിരക്കിലലിഞ്ഞു. വൈകിട്ട് പിന്നെയും എല്ലാവരേയും കുളിപ്പിച്ചുകൊണ്ട് മഴ പെയ്തു.
വഴിയോര കച്ചവടക്കാർക്കും പൂവില്പനക്കാർക്കുമെല്ലാം ഇന്നലെ വിറ്റഴിക്കൽ വില്പനയുടെ ദിനമായിരുന്നു. വൈകുന്നേരമായപ്പോഴേക്കും വാങ്ങാനെത്തിയവർക്കു മുന്നിൽ ഓഫറുകളുടെ എണ്ണം കൂടി. ഓരോ സാധനങ്ങളുടെയും വില പിന്നെയും കുറഞ്ഞു. എല്ലാ പൂക്കളും ചെറിയ അളവിൽ ചേർത്തുവച്ച ഒരു കെട്ടിന് ബുധനാഴ്ച വരെ 100 രൂപയായിരുന്നത് ഇന്നലെ 50 രൂപയായി. സമയം വൈകുന്നതിനനുസരിച്ച് പൂക്കളുടെ അളവും കൂടി.
ഇവിടെനിന്ന് തിരിച്ചുകൊണ്ടുപോകുന്ന ചെണ്ടുമല്ലിയും ജമന്തിയുമെല്ലാം മൊത്തവിലയ്ക്ക് പെയിന്റ് നിർമാണശാലകളിലേക്കാണ് പോവുന്നത്. അതിനേക്കാൾ ലാഭം പരമാവധി ഇവിടെത്തന്നെ വിറ്റുതീർക്കുന്നതാണെന്ന നിലപാടാണ് വില്പനക്കാർക്ക്.
ഇന്ന് നടക്കുന്ന പൂക്കളമത്സരങ്ങൾക്കും വിവിധ ക്ലബുകളുടെയും നാട്ടുകൂട്ടായ്മകളുടെയും ഓണാഘോഷങ്ങൾക്കും വേണ്ടി കുറച്ചധികം പൂക്കൾ വാങ്ങാനുള്ളവർ ഇക്കാര്യമറിഞ്ഞുകൊണ്ടുതന്നെ രാത്രിയോടെ മാത്രമാണ് എത്തിയത്.