സര്‍വീസ് റോഡുകളോട് അവഗണന
1589880
Monday, September 8, 2025 1:13 AM IST
കാസര്‍ഗോഡ്: ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോള്‍ ജനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന സര്‍വീസ് റോഡുകളെ പാടെ അവഗണിച്ച് അധികൃതര്‍. ദേശീയപാത അതോറിറ്റി പ്രധാനപാതയുടെ ഇരുഭാഗങ്ങളിലും വെള്ള വര വരച്ച് രണ്ടുവരി പാതയാണു സര്‍വീസ് റോഡ് എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും ഒരുവരിപാതയില് തന്നെ വാഹനങ്ങള്‍ കഷ്ടിച്ചു കടന്നുപോകാന്‍ വന്‍ കുരുക്ക് അനുഭവപ്പെടുന്നു.
വന്മതില് ഉയര്‍ത്തിയതുള്‍പ്പെടെ നിര്‍മിച്ച പ്രധാനപാതയുടെ ഇരുഭാഗങ്ങളിലും സര്‍വീസ് റോഡിന് നിജപ്പെടുത്തിയ വീതി 6.25 മീറ്റര്‍. ടൂ വേ സൗകര്യത്തിന് ചുരുങ്ങിയത് 7.5 മീറ്റര്‍ വീതിയാണ് സ്റ്റാന്‍ഡേര്‍ഡ് നിലവാരം. എന്നാല്‍ ജില്ലയില്‍ പലയിടങ്ങളിലും 6.25 മീറ്റര്‍ തന്നെ സര്‍വീസ് റോഡിന് ഇല്ല. പലയിടങ്ങളിലും കാല്‍നട യാത്രാസൗകര്യമില്ല. ഓവുചാല്‍ കൂടി ചേര്‍ത്താണ് ഇപ്പോള്‍ നിലവില്‍ വെള്ളവര വരച്ച് ഇരട്ടവരിപ്പാത എന്അടയാളപ്പെടുത്തിയ സര്‍വീസ് റോഡ്.
പ്രധാനപാതയും സര്‍വീസ് റോഡും തുറന്നു ഗതാഗതം ആരംഭിച്ചപ്പോള്‍ കുരുക്കിട്ട പാത തന്നെയായി സര്‍വീസ് റോഡ്. ദേശീയപാത വികസന പദ്ധതിയില്‍ 1.20 മീറ്റര്‍ ആയിരുന്നു ഡ്രൈനേജ് സ്ഥലം നിജപ്പെടുത്തിയത്. ഇപ്പോൾ ഡ്രയ്നേജ് കൂടി സര്‍വീസ് റോഡിന്റെ ഭാഗമായി. കിട്ടിയ സ്ഥലത്ത് ഉള്ള സൗകര്യത്തില്‍ സര്‍വീസ് റോഡ് ഉണ്ടാക്കിയിട്ടുണ്ട് എന്ന നിലപാടിലാണ് നിര്‍മാണകമ്പനി അധികൃതരുടെ നിലപാട്.
കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനും നുള്ളിപ്പാടിക്കും ഇടയില്‍ ഫ്ളൈഓവര്‍ അടിപ്പാത കഴിഞ്ഞ് 50 മീറ്ററോളം ദൂരത്തില്‍ സര്‍വീസ് റോഡിന് ആകെ നിലവിലുള്ള വീതി നാലു മീറ്റര്‍. ഇതിലെ എങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വാഹനം കടന്നുപോകുമെന്ന ചോദ്യത്തിന് അതെല്ലാം ശരിയാകും എന്നു പറഞ്ഞൊഴിയുകയാണ് നിര്‍മാണച്ചുമതല വഹിക്കുന്നവര്‍. കാസര്‍ഗോഡ് നിന്ന് ഈ വഴി വിദ്യാനഗര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അരിക് നല്കാന് കഴിയാത്ത വിധം കുരുക്കാണ്.
വിവിധ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി സര്‍വീസ് റോഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന വാഹനങ്ങളും പാതയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും പ്രധാന തടസമാണ്. കരുതലോടെ എടുത്തില്ലെങ്കില്‍ അപകടം ഉറപ്പാണ്. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, ലോറി, ബസ് തുടങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയ്ക്കിടയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി പോകാനും കുറുകെ കടക്കാനും കഴിയാത്ത സ്ഥിതിയാണ്.
ഒരു ബസോ ലോറിയോ ഉണ്ടെങ്കില്‍ മറ്റൊരു വാഹനത്തിന് ഇതിനെ മറികടന്നു പോകാന്‍ കഴിയില്ല. ആവശ്യത്തിനു സ്ഥലം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ എന്തിനീ കുരുക്ക് ഉണ്ടാക്കി എന്നാണ് സമീപവാസികളുടെ ചോദ്യം. അതിനിടെ കാല്‍നടപ്പാതയും വൈദ്യുതതൂണും ഒഴിവാക്കി ഈ സ്ഥലം കൂടി റോഡിലേക്ക് ചേര്‍ത്ത് വീതി കൂട്ടാനുള്ള നീക്കം നടന്നുവരുന്നു. അപ്പോള്‍ വീതി അഞ്ചു മീറ്ററാകും. കാല്‍നട സൗകര്യം നിഷേധിച്ച് സര്‍വീസ് റോഡ് വീതി കൂട്ടിയാലും ഇരുവരിപ്പാതയില്‍ കുരുക്കൊഴിയില്ല.
കാസര്‍ഗോഡ്-വിദ്യാനഗര്‍ ദേശീയപാത സര്‍വീസ് റോഡില്‍ നുള്ളിപ്പാടിയില്‍ നിന്നു കോട്ടക്കണ്ണി, പാറക്കട്ട ഭാഗങ്ങളിലേക്കു പോകുന്ന പിഎംഎസ് റോഡിലേക്ക് ഒരു വാഹനം കയറുകയും തിരിച്ചിറങ്ങുകയും ചെയ്യുമ്പോഴും സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ കുരുക്കിലാകും. സുരക്ഷിതമായ ഗതാഗത സൗകര്യമില്ല. ഇവിടെ ഡെയ്നേജുള്പ്പെടെ സര്‍വീസ് റോഡിനു പരമാവധി വീതി നാലര മീറ്ററാണ്.
പിഎംഎസ് റോഡ് ഭാഗത്ത് റോഡിലേക്ക് കടക്കാനും സര്‍വീസ് റോഡിലേക്ക് വാഹനം ഇറക്കാനും സൗകര്യത്തിന് രണ്ടു മീറ്റര്‍ കൂടി വീതി കൂട്ടണം. പരിഹാരം ആവശ്യപ്പെട്ട് നുള്ളിപ്പാടി പിഎംഎസ് റോഡ് നേതാജി റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ദേശീയപാത എല്‍എ എന്‍എച്ച് സ്പെഷല്‍ ഡപ്യുട്ടി കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സ്പെഷല്‍ ഡപ്യുട്ടി കളക്ടര്‍ ഇക്കാര്യം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍, യു എല്‍സിഎസ് പ്രോജക്ട് മാനേജര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്.
അണങ്കൂര്‍, വിദ്യാനഗര്‍, ബിസി റോഡ് ഭാഗങ്ങളില്‍ അടിപ്പാത ഉള്ള ഇടങ്ങളിലും സര്‍വീസ് റോഡില്‍ കുരുക്ക് തന്നെ. അടിപ്പാത വഴിയും മറുഭാഗത്തു നിന്നും സര്‍വീസ് റോഡിലേക്കും അടിപ്പാതയിലേക്കും കടക്കുമ്പോള്‍ സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ അത്രയും നേരം നിര്‍ത്തിയിടേണ്ടി വരുന്നതോടെ നീണ്ട നിര തന്നെ കാണാം. റോഡ് കടക്കാന്‍ കാല്‍നടയാത്രികരും ഏറെ കഷ്ടപ്പെടുന്നു. ഒരു ബസിനും ഒരു കാറിനും ചേര്‍ന്നു പോകാനുള്ള വീതി മാത്രമാണ് സര്‍വീസ് റോഡിന്.
സര്‍വീസ് റോഡിലൂടെ വരുന്ന ബസിനു യത്രക്കാരെ ഇറക്കാനും കയറ്റാനും റോഡില്‍ നിന്നു വിട്ടുള്ള ബസ് ബേ ഇല്ല. ഇതു കാരണം യാത്രക്കാരെ ഇറക്കിയും കയറ്റിയും കഴിയുന്നത് വരെ പിറകിലുള്ള വാഹനങ്ങള്‍ ക്യൂവില്‍ തന്നെയാകും. നേരത്തെ പലയിടത്തും ഉണ്ടായിരുന്ന ബസ് ബേ സൗകര്യമാണ് ദേശീയപാത വികസനത്തോടെ ഇല്ലാതായത്.
കാല്‍നടക്കാര്‍ക്കും ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവര്‍ക്കും ഇടുങ്ങിയ സര്‍വീസ് റോഡ് ദുരിതവും അപകടഭീഷണിയും ആണ്. വിദ്യാനഗര്‍ - കാസര്‍ഗോഡ് റൂട്ടില്‍ അണങ്കൂര്‍ ജംക്ഷനില്‍ ബസ് ബേ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ഉണ്ടായിട്ടും ആവശ്യം ഉന്നയിച്ചിട്ടും അതിനു തയാറായില്ല.
ദേശീയപാത വികസനം പൂര്‍ത്തിയായ തലപ്പാടി - ചെങ്കള റീച്ചില്‍ പ്രധാന പാതയുടെ ഇരുഭാഗത്തും സര്‍വീസ് റോഡ് ടൂ വേ എന്നു അധികൃതര്‍ പറയുമ്പോഴും വണ്‍വേ ആയാണ് ഏറെ പേരും ഉപയോഗിക്കുന്നത് (തലപ്പാടി നിന്നു ചെങ്കള ഭാഗത്തേക്കും ചെങ്കള ഭാഗത്തു നിന്നു തലപ്പാടി ഭാഗത്തേക്കും). ആവശ്യമായ വീതി ഇല്ലാത്തതും അപകട ഭീഷണിയും തന്നെ കാരണം. കൂടാതെ സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്യുന് വാഹനങ്ങൾക്ക് പോലീസ് പിഴയീടാക്കാനും തുടങ്ങി. 250 രൂപയാണ് ചുരുങ്ങിയ പിഴ.
മേല്‍പാതയില്‍ ഓവുചാല്‍ ഇല്ലാത്തതുമൂലം സര്‍വീസ് റോഡിലേക്ക് വെള്ളച്ചാട്ടം പോലെ മഴവെള്ളം കുത്തിയൊഴുകിയതോടെ മിക്കയിടങ്ങളിലും സര്‍വീസ് റോഡുകളുടെ സ്ഥിതി ഗ്രാമീണറോഡുകളേക്കാളും മോശമാണ്. പെരിയ ഉള്‍പ്പെടെ പല ടൗണുകളിലും സര്‍വീസ് റോഡുകളില്‍ വലിയ കുണ്ടും കുഴികളും രൂപപ്പെട്ടു. രണ്ടു ദിവസം മഴ മാറിനിന്നതോടെ വലിയ തോതില്‍ പൊടിശല്യവും തുടങ്ങിയിട്ടുണ്ട്.
ദേശീയപാതയില്‍ കാമറക്കണ്ണുകള്‍ തുറന്നു
കാസര്‍ഗോഡ്: നിര്‍മാണം പൂര്‍ത്തിയായ ദേശീയപാത തലപ്പാടി - ചെങ്കള 39 കിലോമീറ്റര്‍ റീച്ചില്‍ ഓടുന്ന വാഹനങ്ങളുടെ വിഡിയോ കാമറ കണ്ട്രോള് റൂം മഞ്ചേശ്വരത്ത് സജ്ജമായി. ഈ റീച്ചിലെ 39 കിലോമീറ്ററിലായി സ്ഥാപിച്ച 39 കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ നിയന്ത്രണം ദേശീയപാത അതോറിറ്റി അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് കണ്ട്രോള് റൂമിലാണ്.
ഈ പരിധിയില്‍ എവിടെയെങ്കിലും വാഹനാപകടമുണ്ടായാല്‍ കണ്ട്രോള് റൂമിലെ സിസ്റ്റത്തില്‍ അലാം മുഴങ്ങും. അപകടദൃശ്യം കണ്ടാലുടന്‍ തന്നെ ആംബുലന്‍സ് ഉള്‍പ്പെടെ സേവനം ലഭ്യമാക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തന നടപടികള്ഉണ്ടാകം.
360 ഡിഗ്രി ദൃശ്യങ്ങള്‍ പകര്‍ത്തും കാമറകളെല്ലാം 360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന വിധം സംവിധാനം ചെയ്തതാണ്. പ്രധാന പാതയിലേതിനു പുറമേ സര്‍വീസ് റോഡിലെയും ദൃശ്യങ്ങള്‍ കാമറ പകര്‍ത്തും.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, വാഹനത്തിന്റെ വേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, റോഡ് ക്രോസിങ്, വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നിങ്ങനെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടെ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തില്‍ തെളിയും.
പ്രധാന നഗരങ്ങളിലേക്കുള്ള ദൂരം, അതത് ട്രാക്കില്‍ വാഹനം ഓടിക്കാവുന്ന പരമാവധി വേഗം, മഴ, കാറ്റ് തുടങ്ങിയവ സംബന്ധിച്ച കാലാവസ്ഥാവിവരം എന്നിവ നല്കുന്ന ഡിജിറ്റല്‍ സ്ക്രീനും പാതയുടെ ആകര്‍ഷണമാവും. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ട്രാഫിക് വിവരങ്ങള്‍ കൈമാറുന്ന നിലയില്‍ ഉള്ളതാണ് സംവിധാനം.
24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ മെയ്ന്റനന്‍സ് കണ്ട്രോള് റൂമാണ് ഇവിടെയുള്ളത്. കാമറകള്‍ പകര്‍ത്തുന്ന ദൃശ്യം കണ്ട്രോള് റൂമില്‍ സൂം ചെയ്തും അല്ലാതെയും കാണാന്‍ കഴിയും. കാലാവസ്ഥാ മുന്നറിയിപ്പ്, വിവിധ ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഓടുന്ന വാഹനങ്ങളുടെ വേഗം തുടങ്ങിയവ ദേശീയപാതയില്‍ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ സ്ക്രീനില്‍ തെളിയും.