യുവസൈനികന്റെ വേർപാട് മലയോരത്തിന് കണ്ണീരായി
1589585
Sunday, September 7, 2025 2:09 AM IST
വെള്ളരിക്കുണ്ട്: ഡൽഹിയിൽ ആർമി ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്ന പന്നിത്തടത്തെ അരുൺ രാമകൃഷ്ണന്റെ (35) അകാലവിയോഗം മലയോരത്തിന് കണ്ണീരായി. ഈ മാസം 10 ന് ഭൂട്ടാനിലേക്ക് പോകാനുള്ള യുഎൻ സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന അരുൺ അതിന്റെ ഭാഗമായുള്ള കായിക പരിശീലനത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ ഒന്നാംതീയതി അഞ്ചു കിലോമീറ്റർ ഓട്ടത്തിനിടയിലായിരുന്നു അപകടം. ഉടൻതന്നെ ഡൽഹിയിലെ സൈനിക ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ നാലിന് പുലർച്ചെ രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.
വെള്ളരിക്കുണ്ട് ബെവ്കോയിലെ ജീവനക്കാരിയായ ഭാര്യ ശരണ്യ ഏതാനും മാസങ്ങളായി അരുണിനോടൊപ്പം ഡൽഹിയിലുണ്ടായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതിനെ തുടർന്ന് ഇരുവരുടെയും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആശുപത്രിയിലെത്തിച്ചിരുന്നു.
പന്നിത്തടത്തെ രാമകൃഷ്ണൻ-തങ്കമണി ദമ്പതികളുടെ മകനായ അരുൺ 2011 ലാണ് സൈനിക സർവീസിൽ പ്രവേശിച്ചത്. സിക്കിം, ഗോവ, ജമ്മു-കഷ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ജോലി ചെയ്തതിനുശേഷമാണ് ഡൽഹിയിലെത്തിയത്.
സൈനിക നടപടിക്രമങ്ങൾക്കു ശേഷം വിട്ടുനൽകിയ മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പന്നിത്തടത്തെ വീട്ടിലെത്തിച്ചു. എം. രാജഗോപാലൻ എംഎൽഎ, മുൻ എംപി പി. കരുണാകരൻ, മുൻ എംഎൽഎ കെ.പി. സതീഷ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർക്ക് വേണ്ടി വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി. സതീഷ് എന്നിവരും വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ സംസ്കാരിക പ്രവർത്തകരും അന്ത്യോപചാരം അർപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ പന്നിത്തടം എകെജി നഗറിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.