വഴിമുടക്കി കൂറ്റൻകല്ല്
1588848
Wednesday, September 3, 2025 1:40 AM IST
പനത്തടി: പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കൊളപ്പുറം- ചെറുപനത്തടി റോഡിൽ കൂറ്റൻ കല്ല് റോഡിന് നടുവിലേക്ക് വീണിട്ട് മൂന്നു ദിവസം കഴിഞ്ഞു മാറ്റാനുള്ള ഒരു നടപടിയുമായില്ല. ഇഞ്ചിക്കാല ചാക്കോയുടെ വീടിനു സമീപത്തെ കൂറ്റൻ കല്ലാണ് ശക്തമായ മഴയിൽ നിലംപതിച്ചത്.
ഈ റോഡിലൂടെ താഴെ നിന്നും ഒരു വാഹനം വന്നാൽ കുത്തനെയുള്ള കയറ്റത്തിലാണ് കല്ല് വീണ് കിടക്കുന്നതുകൊണ്ട് വാഹനം നിർത്തുവാനോ തിരിക്കുവാനോ കഴിയാതെ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സമീപവാസികൾ പറയുന്നു.
ഈ കാര്യങ്ങളെല്ലാം അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായില്ല എന്ന് ജനങ്ങൾ പരാതിപ്പെടുന്നു. കൊളപ്പുറം കോളനിയിൽ കൂടി കോളിച്ചാലിലേക്ക് പോകുന്ന റോഡിലാണ് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡിൽ കല്ലുകൾ വീണ് കിടക്കുന്നത്.