നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: പ്രഫ.എസ്. അച്യുത്ശങ്കര്‍
1588576
Tuesday, September 2, 2025 1:29 AM IST
പെരിയ: സാങ്കേതികവിദ്യ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് വിമര്‍ശനം മാറ്റിനിര്‍ത്തി നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് ചിന്തകനും കേരള സര്‍വകലാശാല മുന്‍ പ്രഫസറുമായ ഡോ.എസ്. അച്യുത്ശങ്കര്‍.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന കപ്പാസിറ്റി ബില്‍ഡിംഗ് വര്‍ക്ഷോപ്പ് സീരിസില്‍ നിര്‍മിതബുദ്ധി ഇന്ത്യന്‍ ഭാഷകളില്‍ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിര്‍മിതബുദ്ധിയെ കുട്ടിയെപ്പോലെയാണ് കാണേണ്ടത്. അഞ്ചു വയസുള്ള ഒരു കുട്ടി ഭാഷ പഠിച്ചെടുക്കുന്നത് പോലെയാണ് നിര്‍മിതബുദ്ധി ഭാഷ പഠിക്കുന്നത്. നിലവില്‍ ലഭ്യമായിട്ടുള്ള എഴുത്തിനെ അടിസ്ഥാനമാക്കിയാണത്. ഭാഷയുടെ ഉള്ളടക്കം വലിയ തോതില്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ പഠിക്കാന്‍ സാധിക്കും.
എന്തും പഠിച്ചെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. നിര്‍മിതബുദ്ധി മനുഷ്യരുടെ സര്‍ഗാത്മകത നഷ്ടപ്പെടുത്തുമെന്ന വാദവും അദ്ദേഹം തള്ളി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സാഹിത്യ രചനകള്‍ നടത്താന്‍ സാധിക്കും. ഉപയോഗത്തോടൊപ്പം ദുരുപയോഗവും തടയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂള്‍ ഓഫ് ലാംഗ്വേജസ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ പ്രഫ. ജോസഫ് കോയിപ്പള്ളി അധ്യക്ഷത വഹിച്ചു. വകുപ്പ് അധ്യക്ഷന്‍ ഡോ.എസ്. തെന്നരശു, ഡോ.പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.