തുറന്ന മാർക്കറ്റ് പോലെ കാഞ്ഞങ്ങാട് നഗരം
1589104
Thursday, September 4, 2025 1:50 AM IST
കാഞ്ഞങ്ങാട്: ഓണത്തിരക്ക് ഉച്ചസ്ഥായിയിലെത്തിയതോടെ നഗരസഭയുടെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറന്നു. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷൻ മുതൽ പഴയ കൈലാസ് തീയറ്റർ പരിസരം വരെയുള്ള നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ തുറന്ന മാർക്കറ്റ് പോലെയായി. തുണിത്തരങ്ങളും ഫാൻസി സാധനങ്ങളും വിവിധതരം ചെരിപ്പുകളും മുതൽ പഴങ്ങളും പച്ചക്കറികളും ഇലക്ട്രോണിക് സാധനങ്ങളും വരെ വഴിയോര കച്ചവടത്തിനായി നിരന്നു. കോൺക്രീറ്റിംഗ് പ്രവൃത്തികൾ പൂർത്തിയായ പഴയ ബസ് സ്റ്റാൻഡ് യാർഡ് പൂർണമായും പൂവില്പനക്കാർ കൈയടക്കി.
ഓണക്കാലത്ത് വഴിയോര കച്ചവടം പഴയ കൈലാസ് തീയറ്റർ പരിസരം മുതൽ ടിബി റോഡ് വരെയുള്ള ഭാഗത്തേക്കും പൂവില്പന ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിലേക്കും മാറ്റുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം.
എന്നാൽ കാര്യമായി ആളെത്തില്ലെന്നുറപ്പുള്ള ഈ സ്ഥലങ്ങളിലേക്ക് മാറാൻ വഴിയോര കച്ചവടക്കാരോ പൂവില്പനക്കാരോ തയ്യാറായില്ല. നഗരസഭയിൽ പണമടച്ച് ലൈസൻസെടുത്ത വഴിയോര കച്ചവടക്കാരെ ഒരു പരിധിയിലധികം നിർബന്ധിക്കാൻ നഗരസഭാ അധികൃതരും മെനക്കെട്ടില്ല.
ഓണത്തിനു മുമ്പ് പഴയ ബസ് സ്റ്റാൻഡ് തുറക്കുമെന്ന പ്രതീക്ഷ കൂടി ഇല്ലാതായതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുകയാണ്. കുരുക്കിൽ പെടുമെന്ന് ഭയന്ന് നല്ലൊരു ശതമാനം ആളുകൾ പൊതുവാഹനങ്ങളിലും കാൽനടയായുമൊക്കെയാണ് നഗരത്തിലെത്തുന്നത്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് സ്വന്തം വാഹനങ്ങളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
താരതമ്യേന ഉയർന്ന തുകയ്ക്ക് ഷോപ്പിംഗ് നടത്തുമായിരുന്ന ഇത്തരം ഉപഭോക്താക്കളുടെ കുറവ് ഓണം സീസണിലെ വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലത്തെ ലാഭം മുഴുവൻ പോകുന്നത് വഴിയോര കച്ചവടക്കാരിലേക്കു മാത്രമാണെന്ന് വ്യാപാരികൾ പറയുന്നു. തുണിത്തരങ്ങൾക്കു പുറമേ പച്ചക്കറികളും പഴങ്ങളുമെല്ലാം വഴിയോരത്ത് വില്പനയ്ക്കെത്തുന്നത് അതത് മേഖലകളിലെ വ്യാപാരികളെയെല്ലാം ദോഷകരമായി ബാധിക്കുകയാണ്.
ഡെയ്ലി യൂസ് തുണിത്തരങ്ങളും ചെരുപ്പുകളും ഫാൻസി സാധനങ്ങളും മറ്റും കുറഞ്ഞ വിലയിലും കൂടുതൽ എണ്ണത്തിലും വൈവിധ്യത്തിലും കിട്ടുമെന്നതുകൊണ്ടാണ് പുതുതലമുറക്കാർക്കുൾപ്പെടെ വഴിയോര കച്ചവടത്തോട് പ്രിയമേറുന്നത്.
സാധനങ്ങളെല്ലാം വളരെ കുറഞ്ഞ കാലം മാത്രം ഉപയോഗിച്ച് പുതിയത് വാങ്ങാനുള്ള മനോഭാവം വർധിച്ചതും ഇതിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.
കൂടുതൽ സമയവും മഴ മാറിനിന്നതോടെ ഇന്നലെ നഗരത്തിലെ പാതയോരങ്ങളിൽ ആളുകൾക്ക് നിന്നുതിരിയാനാവാത്ത വിധത്തിൽ തിരക്കായിരുന്നു. കാലാവസ്ഥ തുണച്ചാൽ ഇന്നത്തെ ഉത്രാടപ്പാച്ചിലിൽ അതിലേറെ തിരക്കാകാനാണ് സാധ്യത.