സൈന്യത്തിന്റെ ആയുധങ്ങള്‍ കേഡറ്റുകളെ പരിചയപ്പെടുത്തി സിആര്‍പിഎഫ്
1589378
Friday, September 5, 2025 1:58 AM IST
കാഞ്ഞങ്ങാട്: ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വിവിധ തരം ആയുധങ്ങള്‍ എന്‍സിസി കാേഡറ്റുകള്ക്ക് പരിചയപ്പെടുത്തി സിആര്‍പിഎഫ് സേനാംഗങ്ങള്‍.
എന്‍സിസി 32 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നടന്നുവരുന്ന വാര്‍ഷിക പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട്സ് സെന്ററിലെ സേനാംഗങ്ങള്‍ വിവിധയിനം റൈഫിളുകള്‍, 84 എംഎം കാള്‍ ഗുസ്താവ് റോക്കറ്റ് ലോഞ്ചര്‍, 7.62 എംഎം മെഷീന് ഗണ്‍, 30 എംഎം ആട്ടോമാറ്റിക് ഗ്രെനേഡ് ലോഞ്ചര്‍, 51 എംഎം മോര്‍ട്ടാര്‍, എകെ.47 റൈഫിള്‍, അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഇന്‍സാസ്, തുടങ്ങിയ ആയുധങ്ങളുടെ പ്രത്യേകതകളും ഉപയോഗിക്കുന്ന വിധവും കേഡറ്റുകള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.
ക്യാമ്പ് ഡപ്യുട്ടി കമാൻഡെന്റ് ലഫ്റ്റനന്റ് കേണല്‍ ടി.വി. അനുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട്സ് സെന്റര്‍ അസിസ്റ്റന്റ് കമാൻഡെന്റ് എന്‍. പ്രദീപ്, ഇന്‍സ്പെക്ടര്‍ ആഞ്ജനേയ രാജു എന്നിവര്‍ ക്ലാസ്സെടുത്തു.
ക്യാമ്പ് അഡ്ജുടന്റ് ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത്, സുബേദാര്‍ മേജര്‍ ഡി.വി.എസ്. റാവു, അസോഷ്യേറ്റ് എന്‍സിസി ഓഫീസര്‍മാരായ ലഫ്റ്റനന്റ് കെ. ലക്ഷ്മി, പി. ഗോപികൃഷ്ണന്, പി.പ ത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി.