അടയ്ക്ക കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണം: കിസാൻ സേന
1589883
Monday, September 8, 2025 1:13 AM IST
കാസർഗോഡ്: ജില്ലയിലെ അടയ്ക്ക കർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കിസാൻ സേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.എ. നെല്ലിക്കുന്ന് എംഎൽഎക്ക് നിവേദനം നൽകി. 2024-25 സാമ്പത്തികവർഷം ഇലപ്പുള്ളി, മഞ്ഞളിപ്പ് രോഗങ്ങൾ മൂലം അടയ്ക്ക കർഷകർക്ക് കനത്ത വിളനാശം നേരിട്ടതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഈ വർഷം തുടർച്ചയായ മഴ മൂലം കമുകുകൾക്ക് കൃത്യമായി ബോർഡോ മിശ്രിതം അടിക്കാൻ സാധിക്കാത്തതിനാൽ മഹാളി രോഗം പടരുന്ന സാഹചര്യമാണ്. വിളനാശം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും ഇവരുടെ കാർഷിക വായ്പകൾക്ക് പലിശയില്ലാതെ മൂന്നുവർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഭൂമിയുടെ ജപ്തി, ലേല നടപടികൾ നിർത്തിവെക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കർഷകർക്ക് സ്വന്തം നിലയിൽ തന്നെ കൃത്യസമയത്ത് കീടനാശിനികൾ തളിക്കാനും അടയ്ക്ക പറിക്കാനും സഹായകമായ കാർബൺ ഫൈബർ തോട്ടികളും മറ്റ് ആധുനിക കാർഷിക ഉപകരണങ്ങളും സബ്സിഡി നിരക്കിൽ ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണം. നാല് ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് ജലസേചന ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി വിതരണം സാങ്കേതിക തടസങ്ങളില്ലാതെ തുടരണം. കൃഷി ആവശ്യത്തിനായി പുഴയിൽ നിന്ന് വെള്ളമെടുക്കുന്നതിനെ തടയുന്ന നിയമവ്യവസ്ഥകൾ ഒഴിവാക്കണം. അഞ്ചുവർഷമായി അപേക്ഷ നൽകി കാത്തിരിക്കുന്ന എല്ലാ കർഷകർക്കും മുൻകാല പ്രാബല്യത്തോടെ കർഷക പെൻഷൻ അനുവദിക്കണം.
കാർഷികമേഖലയുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരുടെയും വകുപ്പുകളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള അടിയന്തിര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.
കിസാൻ സേന മുഖ്യ രക്ഷാധികാരി ചന്ദ്രശേഖർ റാവു കല്ലിഗെ, ജില്ലാ പ്രസിഡന്റ് ഗോവിന്ദ ഭട്ട്, ജനറൽ സെക്രട്ടറി ഷുക്കൂർ കണാജെ, സച്ചിൻ കുമാർ, വെങ്കപ്പമണി ഭട്ട്, കമറുദ്ദീൻ പാടലഡുക്ക, കേശവ മൂർത്തി, പുരന്ദ്ര റൈ, സുധീന്ദ്ര, സുന്ദര, പി.കെ. ഷെട്ടി നാകൂർ എന്നിവർ സംബന്ധിച്ചു.