എംസാന്‍ഡ് വില കുതിച്ചുയരുന്നു
1589105
Thursday, September 4, 2025 1:50 AM IST
കാസര്‍ഗോഡ്: മണല്‍ കടത്തിനെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെ മണല്‍ക്ഷാമം രൂക്ഷമാകുന്നു. ആവശ്യത്തിന് മണല്‍ കിട്ടാതായതോടെ എംസാന്‍ഡിന് ആവശ്യക്കാരേറി. ഇതോടെ എംസാന്‍ഡിന് വില കുതിച്ചുകയറിയിരിക്കുകയാണ്. കരിങ്കല്‍ ക്വാറി ഉടമകളാണ് എംസാന്‍ഡിന് വില കൂട്ടിയത്.
ഒരു ടിപ്പര്‍ ലോറിയില്‍ 180 അടി എംസാന്‍ഡ് കൊണ്ടുപോകാന്‍ 7500 രൂപയാണ് മുമ്പ് വാങ്ങയരുന്നത്. ഇപ്പോള്‍ 10,500 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. മണല്‍ മാഫിയക്ക് കൂട്ടുനിന്നതിന് ഒരുമാസം മുമ്പ് കുമ്പള പോലീസ് സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷം മണല്‍ കടത്തുകാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്.
മണല്‍ കടത്തിന് ഉപയോഗിക്കുന്ന അനധികൃത കടവുകള്‍ പൊലീസ് തകര്‍ത്തിരുന്നു. കടവിലേക്ക് വഴിയൊരുക്കി കൊടുക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നുണ്ട്. ഇതോടെ മണല്‍ കടത്ത് നിലച്ചിരിക്കുകയാണ്.വീടിന്റെ അറ്റകുറ്റ പണികള്‍ക്കും മറ്റുമായി പത്തും ഇരുപതും ചാക്ക് മണല്‍ വേണ്ടിവരുന്നവര്‍ ഏറെയാണ്.
എന്നാല്‍ ഇതിനുപോലും മണല്‍ കിട്ടാത്ത സ്ഥിതി വന്നതോടെയാണ് എംസാന്ഡിനെ കൂടുതലായും ആശ്രയിക്കാന്‍ തുടങ്ങിയത്.