ഗതാഗതക്കുരുക്കിലമർന്ന് കാഞ്ഞങ്ങാട് നഗരം
1588839
Wednesday, September 3, 2025 1:40 AM IST
കാഞ്ഞങ്ങാട്: ആറുമാസമായി അടച്ചിട്ട കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് ഓണത്തിരക്കേറുന്നതിനു മുമ്പ് തുറന്നുനൽകുമെന്ന പ്രതീക്ഷ വെറുതെയായി. ബസ് സ്റ്റാൻഡ് യാർഡിന്റെ കോൺക്രീറ്റിംഗ് ജോലികൾ കഴിഞ്ഞിട്ടും സാങ്കേതികമായ പൂർത്തീകരണ ജോലികളുടെ പേരിൽ സ്റ്റാൻഡ് തുറക്കുന്നത് നീളുകയാണ്.
സെപ്റ്റംബർ ആറിനു മുമ്പ് ബസ് സ്റ്റാൻഡ് തുറന്നുനൽകുമെന്നായിരുന്നു നേരത്തേ നഗരസഭാ അധികൃതർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ ഉറപ്പ്. ആ തീയതിക്ക് അല്പം കൂടി നേരത്തേ തുറന്നുനൽകിയിരുന്നെങ്കിൽ ഓണത്തിരക്കിൽ നഗരം ഗതാഗതക്കുരുക്കിലമരുന്നത് ഒഴിവാക്കാനാകുമെന്നായിരുന്നു വാഹനയാത്രക്കാരുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതീക്ഷ.
കോൺക്രീറ്റ് ചെയ്ത സ്ലാബുകളുടെ ഇടയിൽ ടാർ ഉരുക്കിയൊഴിച്ച് ഉറപ്പിക്കാൻ ബാക്കിയുണ്ടെന്നാണ് സ്റ്റാൻഡ് തുറക്കാത്തതിന് നഗരസഭാ അധികൃതരും കരാറുകാരും ഇപ്പോൾ പറയുന്ന കാരണം. ഇടയ്ക്കിടെ മഴ പെയ്യുന്നതുകൊണ്ടാണ് അത് സാധിക്കാതെ വന്നതെന്നും പറയുന്നു. അങ്ങനെയാണെങ്കിൽ ഈ മാസം ആറിനും ബസ് സ്റ്റാൻഡ് തുറക്കാനിടയില്ല. ഓണത്തിരക്ക് ഒഴിവാക്കാൻ തത്കാലത്തേക്ക് ബസുകളെ പ്രവേശിപ്പിച്ച് പിന്നീട് നല്ല വെയിലുകിട്ടുമ്പോൾ വീണ്ടും ഒന്നോ രണ്ടോ ദിവസം അടച്ചിട്ട് ആ പ്രവൃത്തി നടത്തിയാൽ മതിയായിരുന്നില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
ഓണത്തിരക്കേറിയിട്ടും ബസ് സ്റ്റാൻഡ് തുറക്കാതായതോടെ ഗതാഗതക്കുരുക്കും ആൾത്തിരക്കും മൂലം നഗരം അക്ഷരാർഥത്തിൽ സ്തംഭിക്കുന്ന നിലയാണ്. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റോഡിൽ രാവിലെ തൊട്ട് രാത്രി വൈകുന്നതുവരെ വാഹനങ്ങളുടെ അവസാനിക്കാത്ത നിരയാണ്. അതിനിടയിൽ അവിടവിടെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസുകളും സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന ആളുകളുടെ തിരക്കും നഗരത്തെ വീർപ്പുമുട്ടിക്കുന്നു.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു കാരണവശാലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് നഗരസഭാ അധികൃതർ പലതവണ പറഞ്ഞിട്ടും അത് പൂർണമായും നടപ്പാക്കാനായിട്ടില്ല. പോലീസിന്റെ സഹായത്തോടെ വഴിയോര കച്ചവടക്കാരുടെ ഒരു സംഘത്തെ നിർബന്ധിച്ച് മാറ്റിയാലും അല്പസമയത്തിനകം മറ്റു സംഘങ്ങളെത്തി ഇടംപിടിക്കുകയാണ്. ഓണദിനങ്ങളടുത്തതോടെ പൂക്കച്ചവടക്കാരും നിറഞ്ഞുതുടങ്ങി.
വർഷത്തിലൊരിക്കൽ കിട്ടുന്ന കച്ചവടത്തിനായി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരെ സമാധാനമായി കാര്യം പറഞ്ഞു മനസിലാക്കി മാറ്റുന്നതല്ലാതെ അതിക്രമങ്ങളെന്തെങ്കിലും നടത്തിയാൽ അതും പേരുദോഷമാകുമെന്ന നിലപാടാണ് നഗരസഭാ അധികൃതർക്കും പോലീസിനുമുള്ളത്.
ഇപ്പോൾ ഭൂരിപക്ഷം ആളുകളും നഗരസഭയിൽ ഫീസടച്ചു തന്നെയാണ് വഴിയോര കച്ചവടത്തിനെത്തുന്നത്. എന്നാൽ നഗരസഭാ അധികൃതർ നിർദേശിക്കുന്ന ടിബി റോഡിൽ പോയിരുന്നാൽ നാമമാത്രമായ കച്ചവടം പോലും കിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ആളുകളെത്താത്ത സ്ഥലത്ത് എങ്ങനെ വഴിയോര കച്ചവടം നടത്താനാകുമെന്നാണ് ഇവരുടെ ചോദ്യം.
അതേസമയം തീരാത്ത ഗതാഗതക്കുരുക്കും വാഹനങ്ങൾ നിർത്തിയിടാൻ ഇടമില്ലാത്തതും ഓണദിനങ്ങളിലെ കച്ചവടത്തെ ഗണ്യമായി ബാധിക്കുന്നുണ്ടെന്ന് നഗരത്തിലെ വ്യാപാരികൾ പറയുന്നു. ഉള്ള കച്ചവടം തന്നെ വഴിയോര കച്ചവടക്കാർ കൊണ്ടുപോവുകയുമാണ്.
പഴയ ബസ് സ്റ്റാൻഡ് തുറക്കുന്നില്ലെന്നായതോടെ അവിടം വീണ്ടും വാഹന പാർക്കിംഗിനും പൂക്കച്ചവടത്തിനുമൊക്കെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിൽ തിരക്ക് ഇതിലും രൂക്ഷമാകുമെന്ന കാര്യം ഉറപ്പാണ്. ഇതെല്ലാം മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കേണ്ടിയിരുന്ന നഗരഭരണാധികാരികളുടെ നിസംഗതയാണ് സ്ഥിതി ഇത്രമേൽ ഗുരുതരമാക്കിയതെന്ന ആക്ഷേപം ശക്തമാണ്.
നോ പാർക്കിംഗ് മേഖലയിൽ പാർക്ക് ചെയ്താൽ
വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കും
ഓണവുമായി ബന്ധപ്പെട്ട് ആലാമിപ്പള്ളി മുതൽ നോർത്ത് കോട്ടച്ചേരി വരെ കാഞ്ഞങ്ങാട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ സ്വകാര്യവാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്ത്, പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിലും, വടക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മഡിയൻ, ചിത്താരി ഭാഗങ്ങളിൽ പാർക്ക് ചെയ്യണമെന്ന് ഹൊസ്ദുർഗ് പോലീസ്.
പരമാവധി ബസ്, ഓട്ടോ മുതലായ പൊതു വാഹനങ്ങൾ ഉപയോഗപ്പെടുത്തിയും ദൂരെ നിന്നും വരുന്നവർ ബസ് ഗതാഗതം ഉപയോഗപ്പെടുത്തണമെന്നും പോലീസ് അഭ്യർഥിച്ചു. നോ പാർക്കിംഗിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് കൊണ്ട് പോകുന്നതും കനത്ത പിഴ ഈടാക്കുന്നതുമായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.