ചിറ്റാരിക്കാലില്‍ നസ്രാണി കാര്‍ണിവല്‍ ആറിന്
1588579
Tuesday, September 2, 2025 1:29 AM IST
ചിറ്റാരിക്കാല്‍: ആഘോഷത്തിന്റെയും സൗഹൃദത്തിന്റെയും മത്സരോത്സവത്തിന്റെയും നിറവോടെ നസ്രാണി കാര്‍ണിവല്‍ ആറിനു ചിറ്റാരിക്കാലില്‍ നടക്കും. തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ കാര്‍ണിവല്‍ അരങ്ങേറുന്നത്.
തലശേരി ആര്‍ച്ച് ബിഷ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിര്‍വഹിക്കും. തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേല്‍വെട്ടം അധ്യക്ഷതവഹിക്കും. തുടര്‍ന്ന് അഞ്ചു സോണുകളില്‍ നിന്നായി പങ്കെടുക്കുന്ന മെഗാ മാര്‍ഗംകളി മത്സരം അരങ്ങേറും.
അതോടൊപ്പം വടംവലി, താറാവുപിടുത്തം, ദുര്‍ഘട നടത്തം, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ചിറ്റാരിക്കാലിന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തെ പുതുക്കി എഴുന്നേല്‍പ്പിക്കുന്ന ഒരു ദിനമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.