കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ദുരന്തം; ഒരു വർഷമാകുമ്പോഴും വന്നില്ല, വടക്കുവശത്തെ മേൽപ്പാലം
1589103
Thursday, September 4, 2025 1:50 AM IST
കാഞ്ഞങ്ങാട്: വീണ്ടും ഓണനാൾ എത്തുമ്പോൾ കഴിഞ്ഞവർഷം ഉത്രാടദിനത്തിൽ സംഭവിച്ച അത്യാഹിതത്തിന്റെ ഓർമകൾകൂടി കാഞ്ഞങ്ങാട്ടുകാരുടെ മനസിൽ നിറയുകയാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ 14 ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വടക്കുവശത്ത് മേൽപ്പാലമില്ലാത്ത ഭാഗത്ത് പാളം മുറിച്ചുകടക്കുകയായിരുന്ന മൂന്ന് സ്ത്രീകളാണ് ഇവിടെ സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ-ഹിസാർ സൂപ്പർഫാസ്റ്റ് ട്രെയിൻ തട്ടി മരിച്ചത്.
കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചൽ (30) എന്നിവരാണ് ദുരന്തത്തിനിരയായത്. ട്രെയിനിറങ്ങുന്ന യാത്രക്കാർക്കും കയറാനെത്തുന്നവർക്കും ആവിക്കര ഭാഗത്തേക്കുള്ള കാൽനടയാത്രക്കാർക്കും മറുവശത്ത് എത്തണമെങ്കിൽ പാളം മുറിച്ചുകടക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലാത്ത ഈ സ്ഥലത്ത് മേൽപ്പാലം പണിയണമെന്ന ആവശ്യം ദീർഘകാലമായി ഉള്ളതായിരുന്നു.
ദുരന്തം സംഭവിച്ചുകഴിഞ്ഞ ഉടൻതന്നെ റെയിൽവേ അധികൃതരും നഗരസഭാ അധികൃതരും ജില്ലാ കളക്ടറുമെല്ലാം സ്ഥലത്തെത്തി ഉടൻതന്നെ ഇവിടെ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങുമെന്ന ഉറപ്പുനൽകിയതാണ്.
തൊട്ടുപിന്നാലെ ഇനി യാത്രക്കാർ പാളം മുറിച്ചുകടക്കാതിരിക്കാനായി നിലവിലുള്ള വഴി കെട്ടിയടയ്ക്കുകയും ചെയ്തു. എന്നാൽ പകരം വഴിയൊന്നും കണ്ടെത്താതെ ഈ വഴി കെട്ടിയടക്കുന്നത് പ്രായോഗികമല്ലെന്ന് ദിവസങ്ങൾക്കകം തെളിഞ്ഞതോടെ വീണ്ടും തുറക്കേണ്ടിവന്നു. ട്രെയിൻ യാത്രക്കാരല്ലാത്ത കാൽനടയാത്രക്കാർക്ക് നിലവിലുള്ള റോഡ് മേൽപ്പാലത്തിൽ കയറി പാത മുറിച്ചുകടക്കാൻ വഴിയൊരുക്കുമെന്ന നഗരസഭയുടെയും കളക്ടറുടെയും ഉറപ്പും വെറുതെയായി.
റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പിന്നെയും പലതവണ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തുകയും ഇവിടെ മേൽപ്പാലത്തിനായി സ്ഥലം നിർണയിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തതുമാത്രമാണ് പ്രതീക്ഷ നൽകുന്നത്.
രൂപരേഖ തയ്യാറാക്കി ടെൻഡർ വിളിച്ച് മേൽപ്പാലം നിർമിക്കാൻ ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നു മാത്രം വ്യക്തമല്ല. അതുവരെ ദുരന്തത്തിന്റെ ഓർമകൾ മനസിൽ സൂക്ഷിച്ചുകൊണ്ട് പിന്നെയും പാളം മുറിച്ചുകടക്കാനാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും വിധി.