തോമാപുരത്തിന് ആഘോഷപ്പെരുമയായി നസ്രാണി കാർണിവൽ
1589586
Sunday, September 7, 2025 2:09 AM IST
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നസ്രാണി കാർണിവൽ തോമാപുരത്തിന് ആഘോഷപ്പെരുമ തീർത്തു. വിശ്വാസത്തിന്റെയും നസ്രാണി സാംസ്കാരികതയുടെയും മഹോത്സവമായി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പരിപാടി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
വിശ്വാസത്തിനും സാംസ്കാരിക വളർച്ചയ്ക്കും കൂട്ടായ്മയ്ക്കും കലാ-കായിക മേഖലകളുടെ ഉയർച്ചയ്ക്കും ഇത്തരം കാർണിവലുകൾ ശക്തി നൽകുന്നുവെന്നും തോമാപുരത്തിന്റെ മാതൃക മറ്റിടവകകൾക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഫൊറോന വികാരി റവ.ഡോ. മാണി മേൽവട്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, അസി. വികാരി ഫാ. ജുബിൻ കണ്ണിപറമ്പിൽ, ഇടവക കോ-ഓർഡിനേറ്റർ രാജു മാത്യു എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് തോമസ് എച്ച്എസ്എസ് ടീം അവതരിപ്പിച്ച ബാന്റ് മേളവും സൺഡേ സ്കൂൾ വിദ്യാർഥികളുടെ പ്രയർ ഡാൻസും ശ്രദ്ധേയമായി.
നസ്രാണി ഭക്ഷണശാല, നസ്രാണി മങ്ക, നസ്രാണി കർഷകർ, നസ്രാണി പുരുഷകേസരി, ദുർഘട ഓട്ടമത്സരം, താറാവ് പിടുത്ത മത്സരം, വടംവലി തുടങ്ങി വ്യത്യസ്തവും നസ്രാണി സാംസ്കാരികത വിളിച്ചോതുന്നതുമായ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോന്നിലും മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്.
അഞ്ച് സോണുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ സെന്റ് ജോസഫ് സോൺ ഒന്നാം സ്ഥാനവും സെന്റ് അൽഫോൻസ സോൺ രണ്ടാം സ്ഥാനവും സെന്റ് തോമസ് സോൺ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്തു.