കേരളത്തെ നയിക്കാന്‍ ബങ്കളത്തിന്റെ വന്മതില്
1589887
Monday, September 8, 2025 1:13 AM IST
കാഞ്ഞങ്ങാട്: മടിക്കൈ ബങ്കളത്തിന്റെ വനിത ഫുട്ബോള്‍ പെരുമയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി. 11 മുതല്‍ പാലക്കാട്ട് നടക്കുന്ന ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീം ക്യാപ്റ്റനായി ബങ്കളത്തെ എസ്. ആര്യശ്രീയെ തിരഞ്ഞെടുത്തു. ആര്യശ്രീയെ കൂടാതെ ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍ താരം പി. മാളവികയും കെ. സാന്ദ്രയും തൃക്കരിപ്പൂരിലെ എം.പി. ഗ്രീഷ്മയും സംസ്ഥാന ടീമിലുണ്ട്.
നിധീഷ് ബങ്കളവും കക്കാട്ട് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപിക ടി.ആര്. പ്രീതിമോളും നേതൃത്വം നല്കുന്ന വിമന്‍സ് ഫുട്ബാള്‍ ക്ലിനിക്കിലൂടെ ഫുട്ബാളിന്റെ ബാലപാഠങ്ങള്‍ പഠിച്ചവരാണ് ആര്യശ്രീയും പി. മാളവികയും.
പ്രതിരോധനിരതാരമായ ആര്യശ്രീ ഏഴാംക്ലാസ് മുതല്‍ ജില്ലാ ടീമിലും തുടര്‍ന്ന് സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാന ടീമിലും അംഗമായിരുന്നു. 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ അണ്ടര്‍-15 ഇന്ത്യന്‍ ടീം അംഗമായിരുന്നു. 2018ല്‍ ഭൂട്ടാനില്‍ നടന്ന സാഫ് ഗെയിംസില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായിരുന്നതിനാല്‍ 2021ല്‍ ആര്യശ്രീക്കു സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
നീലേശ്വരം തെക്കന്‍ ബങ്കളത്തെ ലോട്ടറി വിൽപ്പനക്കാരൻ എ.കെ. ഷാജുവിന്റെയും വീട്ടമ്മയായ പി.വി. ശാലിനിയുടെയും മകളാണ്. അഭിനവ് ഏക സഹോദരനാണ്. മംഗളുരു സേക്രഡ് ഹാര്‍ട്ട് കോളജില്‍ നിന്നും ബികോം പഠനം പൂര്‍ത്തിയാക്കിയ ആര്യശ്രീ ഇവിടെ എംകോമിന് ചേരാന്‍ തയാറെടുക്കുകയാണ്.