ഇടയിലക്കാട്ടെ വാനരർക്ക് ഇത്തവണയും അവിട്ടം നാളിൽ ഓണസദ്യ
1589588
Sunday, September 7, 2025 2:09 AM IST
വലിയപറമ്പ്: ഇടയിലക്കാട് കാവിലെ സ്ഥിരം അന്തേവാസികളായ വാനരക്കൂട്ടത്തിന് ഇത്തവണയും അവിട്ടം നാളിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി നാട്ടുകാർ. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാനരർക്ക് ഓണസദ്യ നൽകിയത്. 18-ാമത്തെ വർഷമെന്നതിന്റെ പ്രതീകമായി ഇത്തവണത്തെ ഓണസദ്യയിൽ 18 ഇനങ്ങളാണ് വിളമ്പിയത്.
ആഘോഷങ്ങൾ മനുഷ്യർക്ക് മാത്രമല്ലെന്നും സകല ജീവജാലങ്ങൾക്കും കൂടിയുള്ളതാണെന്നുമുള്ള സന്ദേശമുയർത്തിയാണ് കുരങ്ങുകൾക്ക് ഓണസദ്യ നൽകുന്നത്. അതേസമയം മനുഷ്യർ കഴിക്കുന്ന വിഭവങ്ങളിൽ പലതും കുരങ്ങുകളുടെ ആരോഗ്യത്തിന് നിരക്കാത്തവയായതിനാൽ വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും ഉപ്പു ചേർക്കാത്ത ചോറും ഉൾപ്പെടുത്തിയാണ് ഓണസദ്യയൊരുക്കിയത്.
ചക്ക, കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, ഉറുമാമ്പഴം, പേരക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, തണ്ണിമത്തൻ, പൈനാപ്പിൾ, വെള്ളരി, സവർജില്ലി, മത്തൻ, കോവയ്ക്ക, സർബത്തിൻ കായ എന്നീ 18 ഇനങ്ങളാണ് വാഴയിലയിൽ ചോറിനൊപ്പം വിളമ്പിയത്. കാവിനു സമീപം നിരത്തിവച്ച ഡസ്കുകളിലാണ് ഇലകളിട്ട് വിഭവങ്ങൾ നിരത്തിയത്. കുടിക്കാനുള്ള വെള്ളം സ്റ്റീൽ ഗ്ലാസുകളിൽ നൽകി. കുരങ്ങുകൾ ഇവ കൈയിലെടുത്തു കുടിച്ചത് കാഴ്ചക്കാർക്ക് കൗതുകമായി. മുപ്പതോളം കുരങ്ങുകളാണ് ഇപ്പോൾ കാവിലുള്ളത്.
ഇടയിലക്കാട്ടെ കുരങ്ങുകൾക്ക് രണ്ടു പതിറ്റാണ്ടുകാലം മുറതെറ്റാതെ ഉപ്പു ചേർക്കാത്ത ചോറുവിളമ്പിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ വച്ചാണ് ബാലവേദി പ്രവർത്തകർ സദ്യയ്ക്കായി പഴങ്ങളും പച്ചക്കറികളും നുറുക്കിയെടുത്തത്.
വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഇപ്പോൾ വിശ്രമത്തിൽ കഴിയുന്ന മാണിക്കമ്മ തന്നെയാണ് കുട്ടികൾക്ക് വിഭവങ്ങൾ കൈമാറി ഈ വർഷത്തെ ഓണസദ്യ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
ഡസ്കുകളിൽ വാഴയിലകൾ നിരത്തി വിഭവങ്ങൾ വിളമ്പാൻ തുടങ്ങിയപ്പോൾത്തന്നെ മനുഷ്യരുമായി ഏറെ ഇണങ്ങിയ ഇടയിലക്കാട്ടെ കുരങ്ങുകൾ കൂട്ടത്തോടെ സദ്യയുണ്ണാനെത്തി.
ലൈബ്രറി കൗൺസിൽ ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, നവോദയ ഗ്രന്ഥാലയം പ്രസിഡന്റ് കെ. സത്യവ്രതൻ, സെക്രട്ടറി വി.കെ. കരുണാകരൻ, ബാലവേദി കൺവീനർ എം.ബാബു, വി. റീജിത്ത്, എം. ഉമേശൻ, പി.വി. സുരേശൻ, വി. ഹരീഷ്, കെ.വി. രമണി, വി.വി. സിന്ധു, സി. ജലജ എന്നിർ നേതൃത്വം നൽകി.