കർഷകസ്വരാജ് സത്യഗ്രഹ ഐക്യദാർഢ്യ സമിതി രൂപീകരിച്ചു
1589107
Thursday, September 4, 2025 1:50 AM IST
വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ ആരംഭിച്ച കർഷകസ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി സംസ്ഥാനതലത്തിൽ ഐക്യദാർഢ്യ സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ വിവിധ കർഷക സംഘടനകളുടെയും പൗരസമൂഹ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് സമിതി രൂപീകരിച്ചത്.
ഏകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ പി.വി. രാജഗോപാൽ, കൂടംകുളം സമരനായകൻ ഡോ.എസ്.പി. ഉദയകുമാർ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ചെയർമാനും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ജനറൽ കൺവീനറുമായിരിക്കും.
പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാൽ, ആദിവാസി നേതാവ് ഡോ.കെ. അമ്മിണി, ശ്രീരാമൻ കൊയ്യോൻ, പരിസ്ഥിതിപ്രവർത്തകൻ ജോർജുകുട്ടി കടപ്ലാക്കൽ, കേരള സർവോദയ മണ്ഡലം പ്രസിഡന്റ് ടി.കെ.എ. അസീസ് എന്നിവരെ വൈസ് ചെയർപേഴ്സണായും വൺ ഇൻഡ്യ വൺ പെൻഷൻ ദേശീയ പ്രസിഡന്റ് റോജർ ഇടയോടി, ഏകതാ പരിഷത്ത് സംസ്ഥാന കൺവീനർ സന്തോഷ് മലമ്പുഴ, കേരള ആദിവാസി ഫോറം പ്രസിഡന്റ് സത്യ അരുവളക്കോട്, ഗാന്ധിയൻ കളക്ടീവ് സംസ്ഥാന കൺവീനർ ഡോ. ബാബു ജോസഫ്,റോസ് ചന്ദ്രൻ എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു.
സി.ആർ. നീലകണ്ഠൻ, കെ.വി. ബിജു, തോമസുകുട്ടി മുതുപുന്നക്കൽ, പ്രഫ. കുസുമം ജോസഫ്, പി.ടി. ജോൺ, ഷുക്കൂർ കണാജെ, വിനോദ് പയ്യട, വിജയരാഘവൻ ചേലിയ, അഡ്വ. ജോൺ ജോസഫ്, മുതലാംതോട് മണി എന്നിവരടങ്ങുന്ന പ്രവർത്തകസമിതിയെയും തെരഞ്ഞെടുത്തു.
ഐക്യദാർഢ്യ സമിതിയുടെ ആദ്യയോഗം 13നു കോഴിക്കോട് വ്യാപാരഭവനിൽ നടക്കും. കർഷകസ്വരാജ് സത്യഗ്രഹം 50 ദിവസം പൂർത്തിയാവുന്ന ഒക്ടോബർ നാലിന് വെള്ളരിക്കുണ്ടിൽ വിപുലമായ സംസ്ഥാനതല ഐക്യദാർഢ്യ സംഗമം നടത്താനും തുടർന്ന് സംസ്ഥാന തലത്തിൽ വാഹനപ്രചാരണ ജാഥ നടത്താനും ഐക്യദാർഢ്യ സമിതി തീരുമാനിച്ചു.