കാത്തിരിപ്പിനൊടുവിൽ കാസർഗോഡിന് ഓണസമ്മാനമായി മെഡിക്കൽ കോളജ്
1588841
Wednesday, September 3, 2025 1:40 AM IST
കാസർഗോഡ്: ഒരു ദശകത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാസർഗോഡ് ജില്ലയ്ക്ക് ഈ വർഷത്തെ ഓണസമ്മാനമായി മെഡിക്കൽ കോളജ് യാഥാർഥ്യമാകുന്നത്. 2014 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ജില്ലയ്ക്ക് ഒരു സർക്കാർ മെഡിക്കൽ കോളജ് അനുവദിച്ചത്. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഏറെ അകലെയായിരുന്ന ഉക്കിനടുക്കയിൽ അതിനായി സ്ഥലം കണ്ടെത്തി നിർമാണപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.
പക്ഷേ ഭരണം മാറിയതിനു പിന്നാലെ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങി. പലതവണ നിലയ്ക്കുകയും ചെയ്തു. ഒടുവിൽ അക്കാഡമിക് ബ്ലോക്കിന്റെ പണി പൂർത്തിയായെങ്കിലും ആശുപത്രി കെട്ടിടത്തിന്റെ നിർമാണപ്രവൃത്തികൾ പാതിവഴി പിന്നിട്ടതോടെ നിലച്ചു. ഇനിയും അതിനുവേണ്ടി കാത്തുനിൽക്കാതെ കാസർഗോഡ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയാക്കി മാറ്റിയാണ് ഒടുവിൽ മെഡിക്കൽ കോളജ് പ്രവർത്തനമാരംഭിക്കുന്നത്.
കാസർഗോഡ് ജില്ലക്കാരിലധികവും വിദഗ്ധ ചികിത്സയ്ക്ക് കാലങ്ങളായി ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയാണ്. കോവിഡ് കാലത്ത് സംസ്ഥാന അതിർത്തി അടച്ചപ്പോൾ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം കോവിഡ് ബാധിച്ച് മരിച്ചവരുടേതിനേക്കാൾ അധികമായിരുന്നു. ഈ പ്രശ്നത്തിന് ശാശ്വതപരിഹാരമായി ജില്ലയിൽ തന്നെ സൂപ്പർ സ്പെഷാലിറ്റി ചികിത്സാസൗകര്യങ്ങളോടുകൂടിയ ഒരു സർക്കാർ മെഡിക്കൽ കോളജ് വേണമെന്ന ആവശ്യം ഇതിനുശേഷം പൂർവാധികം ശക്തമായിരുന്നു.
കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർഗോഡ് ജില്ലയിലായിരിക്കണമെന്ന ആവശ്യവും കേന്ദ്ര സർവകലാശാലയ്ക്കു കീഴിൽ മെഡിക്കൽ കോളജ് ആരംഭിക്കണമെന്ന ആവശ്യവും പലതവണ ഉയർന്നുകേട്ടു. പക്ഷേ സമരങ്ങളേറെ നടന്നിട്ടും അതൊന്നും യാഥാർഥ്യമായില്ല. സംസ്ഥാന സർക്കാർ അനുവദിച്ച മെഡിക്കൽ കോളജെങ്കിലും ഒടുവിൽ യാഥാർഥ്യമാവുമ്പോൾ ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് അത് ചെറുതല്ലാത്ത ആശ്വാസമാണ് നൽകുന്നത്.
മെഡിക്കൽ കോളജ് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും വരുംകാലങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. ഭാവിയിൽ ഉക്കിനടുക്കയുടെയും സമീപപ്രദേശങ്ങളുടെയും മുഖഛായ തന്നെ മാറ്റിമറിക്കുന്നതിനും ഇത് ഇടയാക്കും.