പ്രതിഷേധം ഫലിച്ചു; ഗ്രാമീൺ ബാങ്ക് ശാഖ വള്ളിക്കടവിൽ തന്നെ നിലനിർത്താൻ ധാരണ
1589106
Thursday, September 4, 2025 1:50 AM IST
മാലോം: കേരള ഗ്രാമീണ ബാങ്കിന്റെ വള്ളിക്കടവ് ശാഖ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഫലംകാണുന്നു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ശാഖ വള്ളിക്കടവിൽ തന്നെ നിലനിർത്താനും ഇപ്പോൾ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഗുണഭോക്താക്കളുടെ സൗകര്യാർത്ഥം ഇവിടെത്തന്നെയുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റാനും തീരുമാനിച്ചതായി ജില്ലാ കളക്ടറുടെ ഓഫീസിൽനിന്ന് അറിയിച്ചു. വള്ളിക്കടവിൽ തന്നെയുള്ള രണ്ട് കെട്ടിട ഉടമകൾ പാർക്കിംഗ് സൗകര്യത്തോടെ ബാങ്കിന് കെട്ടിടം നൽകാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.
ഇതിലൊരു കെട്ടിടം സ്വീകരിക്കുന്ന കാര്യത്തിൽ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആക്ഷൻ കമ്മിറ്റി ചെയർമാൻ എൻ.ഡി. വിൻസെന്റ്, ജനറൽ കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ, ഭാരവാഹികളായ ഡേവിസ് കാഞ്ഞിരമറ്റം, വിൻസെന്റ് കുന്നോല എന്നിവരുടെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് ചെയർമാനും റീജണൽ മാനേജർക്കും ലീഡ് ബാങ്ക് ആയ കാനറാ ബാങ്കിന്റെ റീജണൽ മാനേജർക്കും ഇതു സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്.