നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലും സജീവമായി ഓണം കൂട്ടായ്മകൾ
1589381
Friday, September 5, 2025 1:58 AM IST
കാഞ്ഞങ്ങാട്: പുതിയ കാലത്ത് ഓണാഘോഷം അണുകുടുംബങ്ങൾക്കുള്ളിലും ഓൺലൈനിലും ഒതുങ്ങിപ്പോവുകയാണെന്ന നഷ്ടബോധത്തിന് പരിഹാരമായി നഗരങ്ങളിലും ഗ്രാമാന്തരങ്ങളിലും സജീവമായി ഓണം കൂട്ടായ്മകൾ. ഫ്ലാറ്റുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ക്ലബുകളുടെയും സ്വയംസഹായസംഘങ്ങളുടെയുമെല്ലാം പേരിലാണ് എല്ലാവരും ഒത്തുചേർന്ന് ഓണം ആഘോഷിക്കുന്നത്.
ഒരു കൂട്ടായ്മയുടെയും പേരിലല്ലാതെ അടുത്തടുത്തുള്ള വീട്ടുകാരും അപ്പാർട്ടുമെന്റുകളിലെ താമസക്കാരും മറ്റും ഇത്തരത്തിൽ ഒരുമിച്ചുചേർന്ന് ഓണാഘോഷം നടത്തുന്നുണ്ട്. ഓണവിഭവങ്ങൾ ഒരുമിച്ച് പാകം ചെയ്യുന്നതിനേക്കാൾ മിക്കവരും ഇഷ്ടപ്പെടുന്നത് കാറ്ററിംഗ് ഏജൻസികളെയോ കുടുംബശ്രീ യൂണിറ്റുകളെയോ ഏല്പിക്കാനാണ്.
അങ്ങനെയാകുമ്പോൾ സദ്യ തയ്യാറാക്കുന്നതിന്റെ ടെൻഷനൊന്നുമില്ലാതെ എല്ലാവരും ഒത്തുകൂടി പൂക്കളമിട്ടും കളിച്ചും പടങ്ങളെടുത്തും ആഘോഷിക്കാനാവുമെന്നതാണ് മെച്ചം.