ഒറിജിനലിനെ വെല്ലുന്ന ചേലിൽ പ്ലാസ്റ്റിക് പൂമാലകൾ
1589377
Friday, September 5, 2025 1:58 AM IST
കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് പാടില്ലെന്ന് പലയാവർത്തി പറഞ്ഞാലും പൊതുവേ പ്ലാസ്റ്റിക്കിനെ അങ്ങനെ പൂർണമായും ഒഴിവാക്കാൻ ആർക്കും കഴിയാറില്ല. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലും രൂപത്തിലും പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വീണ്ടുമെത്തി വിപണി പിടിച്ചടക്കും.
ഇത്തവണത്തെ ഓണക്കാലത്ത് അങ്ങനെ വന്ന് താരമായത് ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് പൂമാലകളാണ്. സംഭവം പ്ലാസ്റ്റിക് തന്നെയാണെങ്കിലും തൊട്ടുനോക്കുമ്പോൾ പൂവു പോലെ തന്നെ മൃദുലമാണ്. ജമന്തിയുടെയും ചെണ്ടിമല്ലിയുടെയും സുഗന്ധമില്ലെന്നു മാത്രമേയുള്ളൂ.
മറ്റെല്ലാ തരത്തിലും ശരിക്കും പൂമാലകളാണെന്നുതന്നെ തോന്നിപ്പോകും. ഇത്തവണ ഓണക്കാലത്ത് കടകൾക്കും വാഹനങ്ങൾക്കും മുന്നിൽ അലങ്കാരമായി തിളങ്ങുന്നതിലേറെയും ഇത്തരത്തിലുള്ള ഇമിറ്റേഷൻ പൂമാലകളാണ്.
വാടിപ്പോകുമെന്നോ മഴ നനഞ്ഞാൽ ചീഞ്ഞുപോകുമെന്നോ ഉള്ള പ്രശ്നമൊന്നും ഇല്ലാത്തതുകൊണ്ട് ഒരുതവണ വാങ്ങിവച്ചാൽ പിന്നീട് മാറ്റേണ്ട ആവശ്യമില്ല. പക്ഷേ സംഗതി പ്ലാസ്റ്റിക് തന്നെയായതുകൊണ്ട് ഓണം കഴിഞ്ഞശേഷം ആരെങ്കിലും വലിച്ചെറിയാൻ പോയാൽ ഹരിതകർമസേനയുടെ പിടി വീഴുമെന്നു മാത്രം.