ഡ്യൂട്ടിക്കെത്താതെ ജീവനക്കാര്‍; അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ എന്തും കടത്താം!
1588843
Wednesday, September 3, 2025 1:40 AM IST
കാസര്‍ഗോഡ്: പരിശോധനകളില്ലാതെ വാഹനങ്ങള്‍ അതിര്‍ത്തി കടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെര്‍ളയിലെ ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി.
വിജിലന്‍സ് ഇന്‍സ്പെക്ടര്‍ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തുമ്പോള്‍ ചെക്ക് പോസ്റ്റ് ചുമതലയിലുണ്ടാകേണ്ട മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായിട്ടില്ലായിരുന്നു.
അതിനാല്‍ പരിശോധനയില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥിതിയായിരുന്നു ഇവിടെ. ഇതേതുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. അതുവഴി ഇതരസംസ്ഥാനങ്ങളില്‍ നിന്നും മതിയായ രേഖകളില്ലാതെ അമിതമായ അളവില്‍ രണ്ടു ടിപ്പര്‍ ലോറികളില്‍ കടത്തിക്കൊണ്ടു വന്ന കരിങ്കല്‍ ലോഡുകള്‍ പിടിച്ചു.
ജിയോളജി, ജിഎസ്ടി, മോട്ടോര്‍ വാഹന വകുപ്പുകള്‍ കൈമാറിയതിനെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്ക് 1,12,793 രൂപ പിഴ ഈടാക്കി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തു.