റീസര്‍വേ നടത്തിയ ഭൂമിയില്‍ നികുതി അടയ്ക്കാനാവുന്നില്ല; മന്ത്രിക്ക് നിവേദനവുമായി സിപിഎം കര്‍ഷക സംഘടന
1588574
Tuesday, September 2, 2025 1:29 AM IST
കാസര്‍ഗോഡ്: റീസര്‍വേ നടത്തിയ ഭൂമിയില്‍ കര്‍ഷകര്‍ക്ക് നികുതി അടയ്ക്കാനാവുന്നില്ലെന്ന പരാതിയുമായി സിപിഎം കര്‍ഷകസംഘടനയായ കേരള കര്‍ഷകസംഘം നേതാക്കള്‍ റവന്യുമന്ത്രി കെ. രാജന് നിവേദനം നല്കി. 2018ല്‍ തുടക്കം കുറിച്ച് റീസര്‍വേ കാസര്‍ഗോഡ് ജില്ലയില്‍ 11 വില്ലേജുകളിലാണ് പൂര്‍ത്തീകരിച്ചത്.
സര്‍വേ പൂര്‍ത്തിയായിട്ട് ഏഴുവര്‍ഷം പിന്നിടുമ്പോഴും സര്‍വേ നടത്തിയ മാണിയാട്ട്, പിലിക്കോട്, ചെറുവ ത്തൂര്‍, ബല്ല, കാഞ്ഞങ്ങാട്, പുതുക്കെ, പള്ളിക്കര, ചിത്താരി, അജാനൂര്‍, ബാര തുടങ്ങി 11 വില്ലേജിലുമുള്ള 2000ല്‍പരം വരുന്ന കൈവശകര്‍ഷകര്‍ക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തിയതിന്റെ രേഖ കൈമാറിയിട്ടില്ല.
ഇതുമൂലം മുമ്പ് നികുതി അടച്ചുവരുന്ന തങ്ങളുടെ ഭൂമിക്ക് നികുതി അടക്കാന്‍ സാധിക്കുന്നില്ല. കൈവശാവകാശ സര്‍ട്ടിഫിക്കറ്റുമില്ല. അതുകൊണ്ടുതന്നെ പ്രസ്തുത ഭൂവുടമസ്ഥന്മാര്ക്ക് നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ല. അതുമൂലം ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കുള്ള വായ്പയും ധനസഹായവും ലഭിക്കുന്നില്ല. കുട്ടികളുടെ പഠനത്തിനാവശ്യമായി രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നില്ല.
ഭൂമി വില്പന ചെയ്യുന്നതിനും സാധിക്കുന്നില്ല. പ്രശ്നം പരിഹരിച്ചുകിട്ടുന്നതിനുവേണ്ടി കര്‍ഷകര്‍ താലൂക്ക് സർവേയർക്ക് അന്നുതന്നെ അപേക്ഷ നല്‍കിയിരുന്നു. ഇത്രയും വര്‍ഷമായിട്ടും ഇതിനു പരിഹാരമായില്ല. നിരന്തരം ഓഫീസ് കയറി ഇറങ്ങുന്ന ഭൂവുടമസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്.
തങ്ങളുടെ കുറ്റംകൊണ്ടല്ലാതെ സര്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വന്ന പിഴവു മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം ബന്ധപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. താലൂക്ക് സര്‍വേ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരില്ല എന്ന സ്ഥിരം പല്ലവിയാണ് ഇപ്പോഴും പറയുന്നത്.
ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ഈ പ്രശ്നം പരിഹാരമില്ലാത്ത പ്രശ്നമായി മാറരുതെന്നും അടിയന്തപരിഹാരം ഉണ്ടാകാണമെന്നും കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞിരാമന്, സെക്രട്ടറി പി. ജനാര്ദ്ദനന് എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.