കോടോം ബേളൂരിലെ റോഡ് നവീകരണത്തിൽ കോൺഗ്രസ് വാർഡുകളെ തഴഞ്ഞതായി പരാതി
1589580
Sunday, September 7, 2025 12:55 AM IST
ഒടയംചാൽ: കോടോം ബേളൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിൽ കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളെ പൂർണമായും തഴഞ്ഞതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കോൺഗ്രസ് അംഗങ്ങൾ പ്രതിനിധീകരിക്കുന്ന 6,7,12,15 വാർഡുകളിലെ രണ്ടു വീതം റോഡുകളുടെ കാര്യം മെയ് 20 ന് നടന്ന ഭരണസമിതി യോഗത്തിൽ വായിച്ച് അംഗീകരിച്ചിരുന്നെങ്കിലും മിനുട്സ് രേഖപ്പെടുത്തിയപ്പോൾ ഇതിൽ ഒരു റോഡ് പോലും ഉൾപ്പെടുത്തിയിട്ടില്ല. ബിജെപി പ്രതിനിധീകരിക്കുന്ന പതിനെട്ടാം വാർഡിനെയും തഴഞ്ഞിട്ടുണ്ട്.
ഭരണസമിതി യോഗത്തിന്റെ നോട്ടീസും അജണ്ടയും അംഗങ്ങൾക്ക് കൃത്യമായി നൽകാൻ പോലും നിലവിലുള്ള ഭരണസമിതി പലപ്പോഴും തയ്യാറാകുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പോലും എഴുതിച്ചേർക്കാതെ വെട്ടിമാറ്റുന്ന സ്ഥിതിയാണ്. പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതിയും ക്രമക്കേടുമാണ് നടന്നിട്ടുള്ളത്.
പണി നടക്കാത്ത റോഡുകളുടെ പോലും ഫണ്ട് കൈപ്പറ്റിയതായി രേഖകൾ പരിശോധിച്ചാൽ മനസിലാക്കാൻ കഴിയും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തികച്ചും ഏകപക്ഷീയമായി പ്രതിപക്ഷ വാർഡുകളെ അവഗണിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.