പച്ചക്കറി കയറ്റി എത്തിയ പിക്കപ്പ് റോഡ് റോളറില്‍ ഇടിച്ച് മറിഞ്ഞ് അപകടം
1279427
Monday, March 20, 2023 11:11 PM IST
അഞ്ചല്‍: തമിഴനാട്ടിലെ ആലംകുളത്ത് നിന്നും പച്ചക്കറി കയറ്റി എത്തിയ പിക്കപ്പ് നിയന്ത്രണംവിട്ട ശേഷം റോഡ് റോളറില്‍ ഇടിച്ചു മറിഞ്ഞു. അഞ്ചല്‍ കോളേജ് ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായത്. അഞ്ചല്‍, ആയൂര്‍ ഭാഗങ്ങളിലേക്ക് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് അതെ ദിശയില്‍ പോവുകയായിരുന്ന റോഡ് റോളറില്‍ ഇടിച്ചു മറിയുകയായിരുന്നു.
മറിഞ്ഞ പിക്കപ്പില്‍ ഡ്രൈവര്‍ അടക്കം തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് ഉണ്ടായിരുന്നത്. പരിക്കേല്‍ക്കാതെ മൂവരും രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട റോഡ് റോളര്‍ സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറി. കടകളുടെ ബോര്‍ഡുകള്‍ തകരുകയും മുന്ഭാഗങ്ങള്ക്ക് ഭാഗീകമായി തകരാര്‍ സംഭവിക്കുകയും ചെയ്തു. മറിഞ്ഞ പിക്കപ്പ് പാതയ്ക്ക് കുറുകെ ആയതിനാല്‍ ഭാഗീകമായി പാതയില്‍ ഗതാഗതം തടസപ്പെട്ടു.
സ്ഥലത്തെത്തിയ അഞ്ചല്‍ പോലീസ് ക്രെയിന്‍ എത്തിച്ച് അപകടത്തില്‍പ്പെട്ട വാഹനം മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതേസമയം പകല്‍ സമയങ്ങളില്‍ വലിയ തിരക്കുള്ള കോളജ് ജംഗ്ഷനില്‍ അപകടം നടന്നത് പുലരച്ചേ ആയതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണ്. അഞ്ചല്‍ പോലീസ് കേസെടുത്ത് ഇരു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തു.