ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്
1577316
Sunday, July 20, 2025 6:17 AM IST
കൊല്ലം: സംസ്ഥാനത്തെ ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പിലാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുട്ടറ- മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ടിന്റെ നിര്‍മാണോദ്ഘാടനം മുട്ടറ സര്‍ക്കാര്‍ എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യ സമ്പന്നമാണ് കേരളം. സന്ദർശകർക്കായി പരമാവധി സ്ഥലങ്ങൾ കണ്ടെത്തി മികച്ച യാത്രാനുഭവം ഒരുക്കും. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ മുട്ടറ - മരുതിമലയിലെ തുടർ പ്രവർത്തനങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ യാഥാർഥ്യമാകും.
സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ആദ്യഘട്ടം. ഇതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൺട്രോത്തുരുത്ത് അന്തർദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും. ജൈവവൈവിധ്യ സർക്യൂട്ട് യാഥാർഥ്യമാകുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ സ്ഥലങ്ങൾ കാണാനും മനസിലാക്കാനും സാധിക്കും. നാടിന്റെ സമ്പദ് വ്യവസ്ഥയും കൂടുതൽ മെച്ചപ്പെടും. സമസ്ത മേഖലകളിലും മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം ഭൂപടത്തിൽ മുന്നിൽ നിൽക്കുന്ന പദ്ധതിയാണ് മുട്ടറ മരുതിമലയെന്ന് അധ്യക്ഷനായ മന്ത്രി കെ. എന്‍ .ബാലഗോപാല്‍ പറഞ്ഞു. സമ്പന്നമായ ടൂറിസം സാധ്യതയാണ് ജില്ലയിൽ ഉള്ളത്.
ജൈവവൈവിധ്യ സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി അഷ്ടമുടിക്കായൽ, മൺട്രോത്തുരുത്ത്, മീൻപിടിപ്പാറ, തെന്മല വരെയുള്ളവ വിപുലമാക്കും. അടുത്തഘട്ടം മാസ്റ്റർ പ്ലാൻ ഉടനെ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുട്ടറ മരുതിമലയില്‍ 2.65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. റോക്ക് ക്ലൈമ്പിംഗ്, ഫുഡ് കിയോസ്ക്, പാര്‍ക്കിംഗ് സൗകര്യം, വിശ്രമകേന്ദ്രം, വ്യൂവിംഗ് ഡെക്ക്, ശുചിമുറി ബ്ലോക്ക് എന്നിവയുടെ നിര്‍മാണമാണ് പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പാക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 1100 അടി ഉയരത്തിലാണ് മുട്ടറ മരുതിമല. കസ്തൂരി പാറ, ഭഗവാന് പാറ, കാറ്റാടി പാറ എന്നിവ ചേര്‍ന്ന് 38 ഏക്കറിലുള്ള മരുതിമലയുടെ ഭൂപ്രകൃതിക്ക് കോട്ടംതട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് തെന്മല, ജഡായുപാറ ടൂറിസം സര്‍ക്യൂട്ടിലൂടെ യഥാര്‍ഥ്യമാക്കുക.
വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രശാന്ത്, വൈസ് പ്രസിഡന്റ് ജയരഘുനാഥ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, കെൽ മാനേജിംഗ് ഡയറക്ടർ ഷാജിഎം.വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള, സ്ഥിരംസമിതി അധ്യക്ഷർ തുടങ്ങിയവര്‍ പങ്കെടുത്തു.