അപകട ഭീഷണിയായി വൈദ്യുത കന്പികൾ
1577899
Tuesday, July 22, 2025 2:49 AM IST
ചാത്തന്നൂർ: മരത്തിൽ തട്ടി കിടക്കുന്ന വൈദ്യുത കമ്പികൾ അപകട ഭീഷണിയാകുന്നു. മഴക്കാലം കൂടിയായതോടെ അപകടസാധ്യതകൾ വർധിക്കുകയാണ്. ചാത്തന്നൂർ തിരുമുക്കിലാണ് മരത്തിൽ ഉരുമ്മി വൈദ്യുത കമ്പികൾ പോകുന്നത്.
ദേശീയപാതയിൽ നിന്നും പരവൂർ റോഡിലേയ്ക്ക് തിരിയുന്ന ബസ്് സ്റ്റോപ്പിന് സമീപമാണ് ഈ മരം. മിനാട്, നെടുങ്ങോലം പരവൂർ ഭാഗത്തേയ്ക്ക് പോകേണ്ട വിദ്യാർഥികളും മറ്റ് യാത്രക്കാരും തണൽ തേടി ഈ മരത്തിന്റെ ചുവട്ടിലാണ് നില്‍ക്കുന്നത്. കുട്ടികൾ മരത്തിൽ ചാരിനില്ക്കുകയും ചെയ്യാറുണ്ട്.
മരത്തിലുരഞ്ഞ് കമ്പികൾ പൊട്ടിവീഴാനോ മരചില്ല ഒടിഞ്ഞ് കമ്പികൾക്ക് മുകളിൽ വീണ് കമ്പികൾ പൊട്ടാനോ സാധ്യത ഏറെയാണ്. മാത്രമല്ല മഴ പെയ്ത് നനഞ്ഞ് കിടക്കുമ്പോൾ മരത്തിൽ വൈദ്യുതി പ്രസരിക്കാനും അവസരമുണ്ട്. കുട്ടികൾ മഴ പെയ്തത് ശ്രദ്ധിക്കാതെ മരത്തിൽ ചാരിനില്‍ക്കുമ്പോൾ ദുരന്തഭീതിയാണ് സൃഷ്ടിക്കുന്നത്.തിരുമുക്കിലെ ഓട്ടോഡ്രൈവർമാരും കച്ചവടക്കാരും ആരും മരത്തിന് ചുവട്ടിൽ പോകാതെ വിലക്കുകയാണ്.
എപ്പോഴും കണ്ണിലെണ്ണ ഒഴിച്ച് കുട്ടികളെ വിലക്കാൻ കഴിയില്ലെന്ന ദയനീയാവസ്ഥയും അവർ പങ്കുവയ്ക്കുന്നു. മരചില്ലകൾ മുറിച്ചു മാറ്റാൻ കെ എസ് ഇ ബിക്ക് കഴിയും.
പക്ഷേ മരം മുറിച്ചു മാറ്റാൻ അധികാരമില്ലെന്ന് കെ എസ് ഇ ബി അധികൃതർ. മരം മുറിച്ചു മാറ്റുകയോ അല്ലെങ്കിൽ വൈദ്യുതി ലൈനുകൾ മാറ്റുകയോ ചെയ്തില്ലെങ്കിൽ അപകടം ഉറപ്പാണ്.