എന്‍സിസി വാര്‍ഷിക പരിശീലന ക്യാമ്പ് സമാപിച്ചു
1577890
Tuesday, July 22, 2025 2:48 AM IST
അഞ്ചല്‍ : അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ നടന്നുവന്ന കൊട്ടാരക്കര എന്‍സിസി കേരള ബറ്റാലിയൻ - 9 വാര്‍ഷിക പരിശീലന ക്യാമ്പ് സമാപിച്ചു. 10 ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് പട്ടാള പരിശീലനത്തിനു പുറമേ കേഡറ്റുകള്‍ക്ക് വ്യക്തിത്വ വികസനം, അത്മവിശ്വാസം, നേതൃത്വഗുണം, സേവന സന്നദ്ധത, യോഗ, തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍ നടന്നു. ഡല്‍ഹിയില്‍ സൈനിക ക്യാമ്പിന് പങ്കെടുക്കാന്‍ വേണ്ടിയുള്ള ഇന്റര്‍ ഗ്രൂപ്പ് കോമ്പറ്റിഷനു വേണ്ടിയുള്ള പ്രാക്ടീസും ഇതിനോടൊപ്പം നടന്നു.
സമാപന സമ്മേളനത്തില്‍ സെന്റ് ജോണ്‍സ് സ്കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു അധ്യക്ഷത വഹിച്ചു. ക്യാമ്പ് കമണ്ടന്റ് കേണല്‍ ജിനു തങ്കപ്പന് ഉദ്ഘാടനം ചെയ്തു.
ഡപ്യൂട്ടി ക്യാമ്പ് കമണ്ടന്റ് ലെഫ്റ്റനന്റ് കേണല്‍ കെ.എസ്. വിനോദ് കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി പോത്തന്, കെ.എം. മാത്യു, പി.ടി. ആന്റണി, സെന്റ് ജോണ്‍സ് സ്കൂള്‍ പ്രിഫെക്ട് ഓം സ്വരൂപ്, സ്പീക്കര്‍ അഫ്ര അമീന് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. മികച്ച ക്യാമ്പ് സംഘാടനത്തിന് സെന്റ് ജോണ്‍സ് സ്കൂളിനുള്ള പ്രശസ്തിപത്രം കേണല്‍ ജിനു തങ്കപ്പന് മാനേജര്‍ ഫാ. ബോവസ് മാത്യുവിന് നല്കി.