അധ്യാപകന്റെ അതിക്രമത്തിനെതിരേ പരാതി
1577895
Tuesday, July 22, 2025 2:49 AM IST
കൊട്ടാരക്കര : മദ്യലഹരിയിലെത്തിയ അധ്യാപകൻ ഓഫീസ് മുറിയിൽ അതിക്രമം കാട്ടി. തടയാൻ ശ്രമിച്ച പ്രധാന അധ്യാപികയെ കത്രിക ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു.
പടിഞ്ഞാറെ തെരുവ് ഗവ .യൂ പി സ്കൂളിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. അധ്യാപകൻ ശ്യാം (54)ആണ് മദ്യലഹരിയിൽ ഓഫീസ് മുറിയിലെ അലമാര തുറന്ന് രണ്ട് ലാപ് ടോപ്പും ഓഫീസ് രേഖകളും നശിപ്പിച്ചത്. ഓഫീസ് അസിസ്റ്റന്റ് ഗോപൻ തടയാൻ ശ്രമിച്ചെങ്കിലുംഅയാളെയും അധ്യാപകൻ മർദിച്ചു.
ഗോപന്റെകൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ചുറ്റിക ഉപയോഗിച്ച് തല്ലി തകർത്തു. ഒരു മാസം മുൻപാണ് ശ്യാം ഇവിടെ അധ്യാപകനായി ചുമതലയേറ്റത് . പ്രധാന അധ്യാപിക ഇയാളുടെ മദ്യപാനത്തിനെതിരെ വിദ്യാഭ്യാസ ഓഫീസിൽ പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്ന് ഇന്നലെ അധ്യാപകനെ വിശദീകരണം ചോദിക്കുവാൻ വേണ്ടി സ്കൂളിൽ വിളിപ്പിച്ചിരുന്നു. ഇതാണ് അധ്യാപകനെ പ്രകോപിതനാക്കിയത്. സ്കൂളിൽ വൈദ്യുതിയുടെ അറ്റകുറ്റ പണികൾക്കായെത്തിയ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏല്പിക്കുകയായിരുന്നു . കൊട്ടാരക്കര പോലീസ് ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തി.