സർക്കാർ സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളെ കുറിച്ച് സമഗ്ര പഠനം ആവശ്യമാണെന്ന്
1577904
Tuesday, July 22, 2025 2:49 AM IST
കൊല്ലം: കേരളത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഭൗതികസൗകര്യങ്ങളെ കുറിച്ച് സമഗ്ര പഠനം ആവശ്യമാണെന്ന് കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി ചിരട്ടക്കോണം സുരേഷ് ആവശ്യപ്പെട്ടു.
സ്കൂളുകളിൽ ഉണ്ടാകുന്ന ദാരുണ സംഭവങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുന്നു. മുൻകരുതലുകൾ എടുക്കേണ്ട അധികാരികൾ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. തേവലക്കര ബോയ്സ് സ്കൂളിലെ മിഥുന്റെ ദാരുണാന്ത്യം അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണം ആണെന്നും അദ്ദേഹം പറഞ്ഞു.
ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ ജില്ലാ പ്രസിഡന്റ് ആർ. രാജശേഖരൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ കരിക്കോട് ജമീർ ലാൽ, അഡ്വ. പ്രവീൺ കുമാർ, എഡ്വോർഡ് പരിച്ചേരി, എസ്. മണി മോഹനൻ നായർ, ശ്രീനാഥ് ആർ. പിള്ള, റേയ്ച്ചൽ തോമസ്, ഫാത്തിമാ ബാബു, സുഗുണൻവാളത്തുംഗൽ, പ്രസാദ് ചടയമംഗലം, അഡ്വ. പ്രേംകുമാർ, ടി.ഡി. സിറിൾ, സജിത്ത് സുദർശനൻ, രാജൻ പത്തനാപുരം, ചന്ദനത്തോപ്പ് അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.